|    Dec 7 Wed, 2016 9:53 pm
FLASH NEWS

ചെറുവാഞ്ചേരിയില്‍ വീടിനു ബോംബേറ്; 19 ആര്‍എസ്എസുകാര്‍ക്കെതിരേ കണ്ണവം പോലിസ് കേസെടുത്തു

Published : 23rd October 2016 | Posted By: mi.ptk

blast

പാനൂര്‍/കണ്ണൂര്‍:കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ എ അശോകന്റെ വീട്ടിനു നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണു സംഭവം. സംഭവത്തില്‍ 19 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണവം പോലിസ് കേസെടുത്തു. അര്‍എസ്എസ് പ്രവര്‍ത്തകരായ ശ്രീജിന്‍, ബാലകൃഷ്ണന്‍, ഗിരീഷ്, ദിജീഷ്, സുബിനേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആക്രമണത്തില്‍ ബോംബിന്റെ ചില്ലുകള്‍ തെറിച്ച് അശോകന്റെ ഗണ്‍മാനും കണ്ണൂര്‍ എആര്‍ ക്യാംപിലെ പോലിസുകാരനുമായ പാട്യം പുതിയതെരുവിലെ പി രഞ്ജിത്തി(29)ന് കാലിനു പരിക്കേറ്റു. രഞ്ജിത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അശോകന്‍ രണ്ടു വര്‍ഷം മുമ്പാണ് ബിജെപി വിട്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിനു ശേഷം അശോകനു നേരെ നിരവധി തവണ ആക്രമണശ്രമമുണ്ടായിരുന്നു. ബോംബോറില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനപ്രകാരം ഇന്നലെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. കണ്ണവം പ്രിന്‍സിപ്പല്‍ എസ്‌ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബേറില്‍ കേടുപാട് സംഭവിച്ച അശോകന്റെ വീട്  സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. അതേസമയം, ചെറുവഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ അശോകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം,  അശോകന്റെ വീടിനു നേരെ നടന്ന ബോംബേറില്‍ ഗണ്‍മാന് സാരമായ പരിക്കേല്‍ക്കുകയും വീടിന് നാശനഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പ്രതിഷേധിച്ചു. ജനപ്രതിനിധികളെയും നിയമപാലകരെയും ആക്രമിച്ച് നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്‍മാറണം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശോകന്റെ വീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 284 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day