|    Sep 22 Sat, 2018 12:52 am
FLASH NEWS

19 ടിഎംസി വെള്ളം സംഭരിച്ച് ജില്ലയുടെജലക്ഷാമം പരിഹരിക്കാമെന്നു നിര്‍ദേശം

Published : 21st January 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ പ്രതിവര്‍ഷം മഴയിലൂടെ ലഭിക്കുന്ന 190 ടിഎംസി (1000 ദശലക്ഷം ഘനയടി) വെള്ളത്തില്‍ 19 ടിഎംസി സംഭരിക്കാനായാല്‍ ജില്ലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനാവുമെന്നു നിരീക്ഷണം. ജില്ലാ മണ്ണു സംരക്ഷണ ഓഫിസര്‍ പി യു ദാസ് ഹരിതകേരളം സംസ്ഥാന മിഷന്‍ ഉപാധ്യക്ഷ ടി എന്‍ സീമയ്ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് നിര്‍ദേശമുള്ളത്. ഹരിതകേരളം പദ്ധതിയില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് ഈ ലക്ഷ്യം നേടാനാവുമെന്നു പി യു ദാസ് അഭിപ്രായപ്പെട്ടു. ജില്ലയുടെ സൂക്ഷ്മ കാലാവസ്ഥയില്‍ വന്ന മാറ്റം പൊടുന്നനെ ഉണ്ടായതല്ലെന്നും ദശകങ്ങളായി പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദമാക്കി. ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ ബ്രഹ്മഗിരിക്കുന്ന്, വടക്കുപടിഞ്ഞാറുള്ള പേരിയ, പക്രംതളം, വാളാട്, തൊണ്ടാര്‍മുടി, കണ്ണവം വനം, കൊട്ടിയൂര്‍ക്കുന്നിന്റെ മുകള്‍ഭാഗം, പടിഞ്ഞാറ് ഭാഗത്തുള്ള ബാണാസുര-കുറിച്യര്‍-പൊഴുതന മലകള്‍, തെക്കുപടിഞ്ഞാറുള്ള സുഗന്ധഗിരി, പൂക്കോട്, ലക്കിടി, വൈത്തിരി, തെക്കുള്ള എളമ്പിലേരി മല, ചെമ്പ്ര, മുണ്ടക്കൈ, ചൂരല്‍മല, തെക്കുകിഴക്ക് അതിര്‍ത്തിയിലുള്ള വെള്ളരിമല, നീലിമല, കിഴക്ക് അതിര്‍ത്തിയിലുള്ള അമ്പുകുത്തി, തൊവരിമല എന്നിവിടങ്ങളിലുണ്ടായ വ്യാപകമായ വനനശീകരണം ജില്ലയുടെ കാലാവസ്ഥാ സവിശേഷത തന്നെ മാറ്റി. ബ്രിട്ടീഷുകാരും തുടര്‍ന്നുള്ള കുടിയേറ്റക്കാരും വനനശീകരണത്തിനു ശേഷം നടത്തിയ കാപ്പി, ഏലം, തേയില എന്നിവയുടെ പ്ലാന്റേഷന്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി. ഇതിനു പുറമെ ജില്ലയുടെ ഭൂവിസ്തൃതിയില്‍ 30 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന ചതുപ്പുകള്‍ തുടക്കത്തില്‍ നെല്‍കൃഷിയായും തുടര്‍ന്ന് വാഴ, കവുങ്ങ് തുടങ്ങിയ വാണിജ്യവിളകളായും കരഭൂമി തെരുവപ്പുല്ല്, കപ്പ, മുത്താറി, ഇഞ്ചി, കുരുമുളക്, കാപ്പി, റബര്‍ തുടങ്ങിയവ ചുരുങ്ങിയ കാലഘട്ടത്തിനകത്ത് വിളമാറ്റം വരുത്തിയതും വരള്‍ച്ചയിലേക്ക് നയിക്കുന്നതിനു കാരണമായി. ഇവയുടെ കൃഷി മണ്ണിലെ സ്വാഭാവിക ജൈവ സമ്പുഷ്ടതയും ജലസംഭരണശേഷിയും നഷ്ടമാക്കി. കുടിയേറ്റത്തിനു ശേഷം കരഭൂമിയിലുണ്ടായ വിളമാറ്റം, കുന്നിടിക്കല്‍, വയല്‍നികത്തല്‍, പാറ പൊട്ടിക്കല്‍, കരമണല്‍ ഖനനം എന്നിവയാണ് വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ തകിടം മറിച്ചതെന്നു റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജില്ലയില്‍ ലഭിക്കുന്ന 190 ടിഎംസി ജലത്തില്‍ 140ഉം പുറത്തേക്ക് ഒഴുകിപ്പോവുകയാണ്. കബനിക്കു പുറമെ വളപട്ടണം പുഴ, അഞ്ചരക്കണ്ടിപ്പുഴ, മാഹിപ്പുഴ, കുറ്റിയാടിപ്പുഴ, ചാലിയാര്‍, കോരപ്പുഴ, നൂല്‍പ്പുഴ എന്നിവയിലേക്കും ഒഴുകുന്നു. 50 ടിഎംസി വെള്ളം മാത്രമാണ് മണ്ണിലും ജലാശയങ്ങളിലും തങ്ങിനില്‍ക്കുന്നത്. ജില്ലയില്‍ കൃഷിക്കുപയോഗപ്പെടുത്തുന്ന 75,000 ഹെക്റ്റര്‍ സ്ഥലത്തെ ജലസേചനത്തിനും 8.5 ലക്ഷം ജനങ്ങളുടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും 19 ടിഎംസി ജലം മതിയാവുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 5.5 ടിഎംസി ജലം സംഭരിക്കാന്‍ മാത്രമാണ് ജില്ലയ്ക്ക് സൗകര്യമുള്ളത്. കാരാപ്പുഴയില്‍ 2.7 ടിഎംസിയും ബാണാസുരയില്‍ 1.8 ടിഎംസിയും ശേഷിക്കുന്നതു കുളങ്ങള്‍, ചിറകള്‍, തോടുകള്‍, ചെക്ഡാമുകള്‍, കിണറുകള്‍ തുടങ്ങിയവയിലും സംഭരിക്കപ്പെടുന്നു. കൃഷിക്കും കുടിവെള്ളത്തിനും മറ്റും ജില്ലയ്ക്കാവശ്യമായ ജലം ലഭ്യമാക്കാന്‍ ഹരിതകേരളം പദ്ധതിയുടെ ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ സാധിക്കും. കിണര്‍ റീചാര്‍ജിങിലൂടെ ഗാര്‍ഹികാവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റാനാവും. ജില്ലയിലെ എസ്റ്റേറ്റ് മാനേജ്‌മെന്റുകളുമായി ഗ്രാമപ്പഞ്ചായത്തുകള്‍ ധാരണാപത്രത്തിലേര്‍പ്പെട്ട് ജലവിനിയോഗത്തിന് സാധ്യമാക്കാവുന്ന വിധത്തില്‍ കുന്നുകള്‍ക്കിടയില്‍ ജലാശയങ്ങള്‍ നിര്‍മിച്ചും അനുയോജ്യമായ സ്ഥലങ്ങളില്‍ കാവുകള്‍ സംരക്ഷിക്കുകയോ വളര്‍ത്തുകയോ ചെയ്തും പ്രശ്‌നപരിഹാരം സാധ്യമാണെന്നു പി യു ദാസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൈത്തോടുകള്‍, പുഴകള്‍ തുടങ്ങിയവയുടെ അരികുകളില്‍ മുളകള്‍, കാട്ടുകൂവ, നായക്കരിമ്പ്, കൈത, ഓട തുടങ്ങിയവ വച്ചുപിടിപ്പിക്കുന്നതും കുന്നിന്‍ചരിവുകളിലും മറ്റും ജൈവകൃഷി നടത്തി മേല്‍മണ്ണ് ഒഴുകിപ്പോവുന്നതു തടയുന്നതും മണ്ണിന്റെ ജലസംഭരണശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss