19 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: ദോഹയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്ന് 18.88 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പടികൂടി. കോഴിക്കോട് വടകര പാതിയാരകര സ്വദേശിനി തന്‍സീറ മുസ്തഫ(38)യാണ് 700 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ദോഹയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയ ഇവരെ ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കവെ കസ്റ്റംസ് ഗേറ്റില്‍ തടഞ്ഞു.
തുടര്‍ന്ന് സ്ത്രീകളുടെ വിശ്രമമുറിയിലെത്തിച്ച് വനിതാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്.
469 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ ചെയിന്‍, 115 ഗ്രാം വീതം തൂക്കമുള്ള പാദസരം, 116 ഗ്രാം തൂക്കമുള്ള വളകള്‍ എന്നിവയാണു കണ്ടെടുത്തത്. 24 കാരറ്റ് സ്വര്‍ണമായിരുന്നു ഇവ.
അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു ചെയിന്‍. വളകളും പാദസരവും കാല്‍മുട്ടിനോടു ചേര്‍ത്ത് കെട്ടിവച്ചുമാണ് ഒളിപ്പിച്ചിരുന്നത്. ഇവയ്ക്ക് മൊത്തം 700 ഗ്രാം തൂക്കം വരും. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 18,88,495 രൂപ വിലവരും.
കരിപ്പൂരില്‍ കഴിഞ്ഞ ദിവസവും സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുറഷീദ്, സൂപ്രണ്ടുമാരായ മാത്യൂസ് രവി, സോജന്‍ ജോസഫ്, ഇന്‍സ്‌പെക്ടര്‍മാരായ കിഷന്‍ കുമാര്‍, അഭിജിത്ത് ഗുപ്ത, സി ധനലക്ഷ്മി, ഹവില്‍ദാര്‍ ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it