|    Jun 21 Thu, 2018 9:57 pm
FLASH NEWS
Home   >  National   >  

മോദി മാജിക്കിന്റെ മറുവശം

Published : 13th March 2017 | Posted By: G.A.G

abdulla-o-slug

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഉപരിപ്ലവമായി വിലയിരുത്തുക അനായാസമാണ്. ഭരണകൂടവിരുദ്ധ വികാരവിസ്‌ഫോടനമാണ് തിരഞ്ഞെടുപ്പുഫലം വിളിച്ചോതുന്ന മുഖ്യ യാഥാര്‍ഥ്യം. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി മുഖ്യന്‍ അഖിലേഷ് യാദവ് തോറ്റമ്പി, പഞ്ചാബില്‍ ശിരോമണി അകാലിദള്‍-ബിജെപി സര്‍ക്കാരിന് 10 വര്‍ഷത്തിനുശേഷം ശിരസ്സും ശിരോവസ്ത്രവും അഴിച്ചുമാറ്റി അധികാരം ഒരു നവാഗതന് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. ഞാന്‍ മുഖ്യമന്ത്രി, ഞാന്‍ നിശ്ചയിക്കുന്നവര്‍ സ്ഥാനാര്‍ഥി എന്ന നിബന്ധനയ്ക്കു വഴങ്ങിയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി പഞ്ചാബ് തിരിച്ചുപിടിച്ച് രാജ്യത്തു കോണ്‍ഗ്രസ്സിന്റെ അവശേഷിച്ച അഭിമാനം കാത്തത്. പ്രകാശ്‌സിങ് ബാദലിന്റെ കെട്ട ഭരണത്തില്‍ പൊറുതിമുട്ടി പാര്‍ലമെന്റംഗത്വം രാജിവച്ചു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ച്, എ ടീം വിത്ത് ക്യാപ്റ്റന്‍ പരിപാടിയിലൂടെ സിഖുകാരെ കൈയിലെടുത്തതോടെയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് ഈ വിജയം സാധ്യമായത്. മണിപ്പൂരില്‍ ഇറോം ശര്‍മിളയ്ക്ക് അവരുടെ വയസ്സിന്റെ ഇരട്ടി വോട്ട് മാത്രം കിട്ടി. റോഡ് ഷോകളിലൂടെയും വാഹനത്തില്‍ കയറിയുള്ള വിശാലമായ കൈവീശലുകളിലൂടെയും അഞ്ചു ലക്ഷത്തിന്റെയും പത്തു ലക്ഷത്തിന്റെയും കോട്ടണിഞ്ഞാണെങ്കിലും മുഖം നിറയെ പുഞ്ചിരിയും നടു വളയ്ക്കാവുന്നിടത്തോളം വളച്ചുകൊണ്ടുള്ള കൂപ്പുകൈകളുമായി വരുന്ന അടിപൊളി നേതാക്കള്‍ക്കു മുമ്പില്‍ ഷാളും പുതച്ച് പഴയ പട്ടിണിക്കാലം മുഖത്തു വരച്ചിട്ട ഇറോം ശര്‍മിളയെപ്പോലുള്ള ഒറ്റപ്പെട്ട വിഗ്രഹങ്ങളെ ആരു ശ്രദ്ധിക്കാന്‍!
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ഈ തിരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ മറ്റൊരു വെള്ളിടിയായിരുന്നു. രണ്ടിടത്ത് മല്‍സരിച്ചു, രണ്ടിടത്തും തോറ്റു തുന്നംപാടി. പഴയ ആ മേഘാതപത്തില്‍ വീടും പരിസരവും ഒഴുക്കില്‍പ്പെട്ടവരുടെ കാര്യത്തില്‍ ഫലപ്രദമായി ഏറെയൊന്നും ചെയ്യാനാവാത്തതിനാലാവണം, വോട്ടര്‍മാര്‍ അവര്‍ക്കാവുന്നത് ചെയ്തു. ഗോവയിലും മുഖ്യമന്ത്രി തോറ്റു. നേരത്തേ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ സ്ഥാനക്കയറ്റം ലഭിച്ച് മോദി കാബിനറ്റില്‍ ഇടംപിടിച്ചതിനാലാണ് ഗോവയില്‍ പരാജയം നേരിടേണ്ടിവന്നത് എന്നതാണ് ബിജെപി വിശദീകരണം. എതിര്‍ സ്ഥാനാര്‍ഥി വിജയിച്ചതുകൊണ്ട് ഞാന്‍ തോറ്റു എന്നതുപോലുള്ള നിഷേധിക്കാന്‍ കഴിയാത്ത ന്യായം.
ആം ആദ്മി പാര്‍ട്ടിക്ക് കടല്‍ത്തീര സംസ്ഥാനമായ ഗോവയില്‍ പ്രതീക്ഷിച്ചപോലെ കാലുകുത്താന്‍ ഇടം ലഭിച്ചില്ല. എന്നാല്‍, അവര്‍ പഞ്ചാബില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.
ഉത്തരപ്രദേശത്ത് നേരത്തേ ഒരു പള്ളിയുണ്ടായിരുന്നു. അന്യരാജ്യത്തുനിന്നു കടന്നുവന്നവര്‍ നിര്‍മിച്ചതെന്ന് ആരോപിച്ച് ആ പള്ളി തകര്‍ത്തുകളഞ്ഞു. നാലരനൂറ്റാണ്ട് പഴക്കമുള്ള ദിവ്യഗേഹം. തകര്‍ത്തതോ, പാകിസ്താനില്‍നിന്ന് അഭയാര്‍ഥിയായി വന്ന ഒരു മാന്യന്റെ നേതൃത്വത്തിലുള്ള കാവിപ്പട. ഇയാളെ എന്തുകൊണ്ട് എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കിയെന്ന് ഈ അടുത്തിടെയാണ് രാജ്യത്തെ ഏറ്റവും വലിയ നീതിപീഠം സിബിഐയോട് ചോദിച്ചത്. പള്ളിയേ തകര്‍ക്കപ്പെട്ടിട്ടുള്ളൂ. പള്ളിമിനാരത്തില്‍നിന്ന് നാലരനൂറ്റാണ്ട് കാലം ഉയര്‍ന്ന ബാങ്കൊലിനാദത്തിന്റെ മാറ്റൊലിയും അത് ഏറ്റുപിടിക്കുന്ന സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന വിശ്വാസികളും അവിടെത്തന്നെയുണ്ട്. ആകെയുള്ള 403 മണ്ഡലങ്ങളില്‍ ചുരുങ്ങിയത് 80ലെങ്കിലും പ്രബലമാണവരുടെ സാന്നിധ്യം. അതിനാല്‍ തന്നെ ദേവപ്രദേശത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ഘടകമായി വര്‍ത്തിക്കാന്‍ ഈ ന്യൂനപക്ഷ വിഭാഗത്തിനാവും.
എന്നാല്‍, 1992ല്‍ നടന്ന അതിദാരുണമായ ദുരന്തസംഭവം അവരെ അരക്ഷിതരും അതീവ നിസ്സഹായരുമാക്കിത്തീര്‍ത്തിരിക്കുന്നു. അവരുടെ കണ്‍മുന്നില്‍ വച്ചാണ് അതുവരെയും അഞ്ചുനേരവും പ്രാര്‍ഥന നിര്‍വഹിച്ചുപോന്നിരുന്ന അതിവിശുദ്ധമായ ഒരു ദേവാലയം പകലിന്റെ ഒത്തനടുവില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെയും ദ്രുതകര്‍മസേനയുടെ അകമ്പടിയോടെയും നാലുപാടുനിന്നും പാഞ്ഞെത്തിയ അക്രമിസംഘം തട്ടിത്തകര്‍ത്തുകളഞ്ഞത്. തീര്‍ന്നില്ല രോഷം. അവര്‍ പരിസരവാസികളെ കടന്നാക്രമിക്കുകയും കണ്ണില്‍ക്കണ്ടതെല്ലാം ചുട്ടുകരിക്കുകയും ചെയ്തു. ബോംബെ നഗരത്തെ വരെ വിഴുങ്ങി വര്‍ഗീയതയുടെ ഈ തീജ്വാല. ആയിരങ്ങളാണു വധിക്കപ്പെട്ടത്; പതിനായിരങ്ങളാണ് സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായത്.
ഇതില്‍ പിന്നെ അവര്‍ക്കു കാവിപ്പടയെയും കാവിക്കൊടിയെയും ഭയമാണ്. തങ്ങളോട് ചെയ്ത ക്രൂരതയ്ക്കു തുല്യനാണയത്തില്‍ തിരിച്ചടിക്കാനവര്‍ അശക്തരാണ്. ഭൂരിപക്ഷത്തിന്റെ എണ്ണക്കൂടുതല്‍ എന്നതു മാത്രമല്ല പ്രശ്‌നം. പോലിസും ഭരണകൂടവും മാധ്യമങ്ങളുമെല്ലാം അവരോട് മനോഹരമായും മതേതരമായും ചാഞ്ഞും ചേര്‍ന്നും നില്‍ക്കുന്നവരാണ്. ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട് കാലങ്ങളായി കവലകളിലും കാവച്ചാലുകളിലും ഞെരുങ്ങിയും പതുങ്ങിയും പെരുകിയും പെരുക്കിയും കഴിയുന്ന അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിച്ചു ചേര്‍ത്തു എന്നല്ലാതെ കൊടിയും വടിയുമായി വരുന്നവര്‍ ആരെല്ലാമാണെന്നോ ആ കൊടികളുടെ നിറവ്യത്യാസത്തിന്റെ അര്‍ഥമെന്തെന്നോ കവിളും വയറുമൊട്ടി തല തൊപ്പികൊണ്ടു മൂടി മുഖത്തെ ദൈന്യത താടിരോമംകൊണ്ട് ഒളിപ്പിച്ചുപിടിച്ചു നടക്കുന്ന അവറ്റകള്‍ക്ക് അറിഞ്ഞുകൂടാ.
കഴിഞ്ഞ തവണ അവര്‍ മുലായംസിങ് എന്ന യാദവനേതാവിന് വോട്ട് ചെയ്തു. കാരണം, അദ്ദേഹം ഇവരില്‍പ്പെട്ട ഒരുപറ്റം പേരെ സ്ഥാനാര്‍ഥികളാക്കിയിരുന്നു. അവര്‍ മുലായമിനെ നമ്പി. പക്ഷേ, ഒക്കെയും തോറ്റു. തോറ്റശേഷം അവര്‍ക്ക് പുതുതായി തൊപ്പിയിടേണ്ടിവന്നില്ല. കാരണം, ആ തൊപ്പി അവരുടെ തലയില്‍ നേരത്തേയുണ്ടായിരുന്നു.
അതായത്, ഉത്തര്‍പ്രദേശില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി ജയിച്ചുകയറണമെങ്കില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടര്‍മാര്‍ കൂട്ടമായി അയാള്‍ക്കു വോട്ട് ചെയ്യണം. ഒരൊറ്റ സവര്‍ണ സംശുദ്ധ വോട്ടും പ്രതീക്ഷിക്കേണ്ട. മുസ്‌ലിം വോട്ട് ഭിന്നിച്ചാലോ എല്ലാം തകര്‍ന്നു. ഈ തകര്‍ച്ചയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കണ്ടത്. മുസ്‌ലിം വോട്ട് മുലായത്തിന്റെ പുത്രന്‍ അഖിലേഷിനും 100 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ട മായാവതിക്കുമിടയില്‍ മലര്‍ക്കെ പിളര്‍ന്നു. ഡിഫന്‍സ് ലൈനിന്റെ തകര്‍ച്ചയിലൂടെ കയറി ബിജെപി തിരഞ്ഞെടുപ്പ് പോസ്റ്റിലേക്ക് തുരുതുരാ ഗോളടിച്ചു- സ്‌കോര്‍ 325.
ഇത്തരമൊരു മായാജാലം സൃഷ്ടിക്കാനായത് ഇന്ദ്രനും ചന്ദ്രനും- മോദിയും ഷായുമൊക്കെ അത്ര വലിയ തന്ത്രശാലികളും ചാണക്യസൂത്രധാരന്‍മാരും ആയതുകൊണ്ടല്ല. ഉത്തര്‍പ്രദേശിലെ ജാതി വര്‍ഗീയസാന്ദ്രത മുറ്റിയ രാഷ്ട്രീയാന്തരീക്ഷം എല്ലാ നിലയ്ക്കും അത്തരമൊരു അവസ്ഥയ്ക്ക് പാകമായി നിന്നു.

ബിഹാറല്ല യുപി. അയോധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലെ ഹിന്ദുക്കള്‍ ബുദ്ധന്റെ ഗയയിലെ ഹിന്ദുക്കളേക്കാള്‍ ആചാരങ്ങളോട് ഒട്ടിനില്‍ക്കുന്നവരും താരതമ്യേന ജാതീയമായ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്നവരുമാണ്. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന മനസ്സും യുപിയിലെ സവര്‍ണ ജാതി മനസ്സും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍. ഇക്കാര്യം തൊട്ടറിയുന്ന ബിജെപി ഒറ്റ മുസ്‌ലിമിനെയും മല്‍സരരംഗത്ത് ഇറക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. തങ്ങളുടേത് പശുമാര്‍ക്ക് ഹൈന്ദവ പാര്‍ട്ടിയാണ് എന്നു വരുത്തിത്തീര്‍ക്കലായിരുന്നു പ്രസ്തുത നടപടിയുടെ ലക്ഷ്യം. അതു നല്‍കിയ സന്ദേശം വമ്പിച്ചതായിരുന്നു; അങ്ങേയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വാഭാവികമായും 83 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരുടെ ഏകോപനം ആ ഒറ്റ നടപടി വഴി സാധിച്ചു. മുസ്‌ലിം വോട്ടുകള്‍ മായാവതിക്കും അഖിലേഷിനുമിടയ്ക്ക് പരന്നൊഴുകാന്‍ ഇതു കാരണമായി.
ബിജെപിയും പിടിച്ചു കുറേ മുസ്‌ലിം വോട്ടുകള്‍. വടക്കേ ഇന്ത്യയിലെ കൗബെല്‍റ്റിലെ ദരിദ്രരായ വോട്ടര്‍മാരെ നരേന്ദ്രമോദിയുടെ നോട്ട്‌നിരോധനം ഒരുനിലയ്ക്കും ബാധിച്ചിരുന്നില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ദീപാവലിക്കോ റമദാനോ പോലും അടുത്തുനിന്ന് കണ്ടിട്ടില്ലാത്ത അവര്‍ക്ക് മുന്തിയ നോട്ട് നിരോധിച്ചാലെന്ത്, നിരോധിച്ചില്ലെങ്കിലെന്ത്? എന്നാല്‍ നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത മാസങ്ങളില്‍ ആരുടെയൊക്കെയോ കൈകളിലേക്ക് കൈമാറ്റങ്ങളിലൂടെ ഒഴുകിയെത്തിയ പഴയ നോട്ടുകള്‍ ക്കു പകരം നോട്ടുകളും പുതിയവയുടെ വ്യാജനും നിര്‍വ്യാജനും യുപിയിലെ പാവപ്പെട്ടവരുടെ കൈകളിലേക്ക് സമൃദ്ധമായി എത്തിയതായി പറയപ്പെടുന്നുണ്ട്.

പട്ടിണിക്കോലങ്ങളായ മുസ്‌ലിം വോട്ടര്‍മാരെ പ്രലോഭിപ്പിക്കാന്‍ നോട്ടിന്റെ രൂപത്തിലെത്തിയ ഈ അവതാരവേഷങ്ങള്‍ക്കു സാധിച്ചുവെങ്കില്‍ അതില്‍ അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മുസ്‌ലിം യുപി ഈ പാവങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിശാലമായ ഖബര്‍സ്ഥാനാണ്. അവിടെ തലയില്‍ തൊപ്പിയിട്ടും താടി നീട്ടിവളര്‍ത്തിയും ഇരുകാലില്‍ എഴുന്നേറ്റുനടക്കുന്ന ജീവനുള്ള മയ്യിത്തുകളും ഖബറില്‍ അമര്‍ന്നുകിടക്കുന്ന അവരുടെ പിതാക്കളും ഏതാണ്ട് ഒരുപോലെ. മുസാഫര്‍ നഗര്‍ അഭയാര്‍ഥികളെ മാറ്റിത്താമസിപ്പിക്കാനോ അന്നു കലാപത്തില്‍ മരിച്ചവര്‍ക്കു ചില്ലിക്കാശ് നല്‍കാനോ തയ്യാറാവാത്ത അഖിലേഷ് ഈ ഖബര്‍സ്ഥാന് ചുറ്റുമതില്‍ കെട്ടാന്‍ 20 ലക്ഷം രൂപ നല്‍കി. ഇന്ത്യക്കു പുറത്ത് നേപ്പാളിലെ പശുപതി ക്ഷേത്രത്തിന് അധികാരമേറ്റ ഉടനെ 25 കോടി ദക്ഷിണ നല്‍കിയ നരേന്ദ്രമോദി ഈ 20 ലക്ഷത്തില്‍ കടന്നുപിടിച്ച് യുപി തിരഞ്ഞെടുപ്പ് റാലിയെ വര്‍ഗീയവിഷമയമാക്കി. തൊട്ടുപിറകെ വന്നു അമിത് ഷായുടെ ഫത്‌വ. സംഘിയേതരര്‍ക്കു ചെയ്യുന്ന വോട്ട് കസബിന് നല്‍കുന്ന ഐഎസ്‌ഐ മുദ്രയുള്ള രാജ്യദ്രോഹ വോട്ടുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതയില്‍ മുക്കിയെറിഞ്ഞ ഇത്തരം വിഷബോംബുകള്‍ മതേതര വോട്ട്ബാങ്കുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടാക്കുക സ്വാഭാവികം. ഇതിനെ മോദിയുടെയും ഷായുടെയും തന്ത്രജ്ഞതയും ആസൂത്രണ മികവുമായി വിശേഷിപ്പിക്കണമെങ്കില്‍ അതൊരല്‍പ്പം കടന്ന കൈയാണ്.
നരേന്ദ്ര മോദി അതീവ ഡയനാമിക്കും അതിലേറെ ഊര്‍ജസ്വലനുമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അധികാരത്തിന്റെ അകമ്പടിയോടു കൂടിയ അദ്ദേഹത്തിന്റെ ആര്‍ഭാടപൂര്‍ണമായ എഴുന്നള്ളിപ്പ് കൂടുതല്‍ ചാരുത പകരുന്നു. മറുപക്ഷത്തുള്ളത് ഏതാനും കോമാളിക്കൂട്ടങ്ങളാണ്. ഉണ്ണിയിലേ അറിഞ്ഞതാണ് ഇവരുടെയൊക്കെ ഊരിലെ പഞ്ഞം. ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തലവിധിയായ ഈ നട്ടെല്ലില്ലായ്മയ്ക്ക് രാജ്യം കൊടുക്കേണ്ടിവരുന്ന വില ചില്ലറയല്ല. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിന്നിട്ട തിരഞ്ഞെടുപ്പില്‍ നാം കണ്ട മതേതര ക്യാംപിന്റെ ദയനീയമായ പരാജയവും ഫാഷിസ്റ്റ് ശക്തികളുടെ ആയിരം കുതിരശക്തിയോടെയുള്ള മുന്നേറ്റവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss