kozhikode local

1886 പോളിങ് സ്റ്റേഷനുകള്‍; കൂടുതല്‍ നാദാപുരത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 1886 പോളിങ് സ്റ്റേഷനുകള്‍. 167 പോളിങ് കേന്ദ്രങ്ങളുമായി നാദാപുരം മണ്ഡലമാണ് എണ്ണത്തില്‍ ഏറ്റവും മുമ്പില്‍. വടകരയില്‍ 139, കുറ്റിയാടി 151, കൊയിലാണ്ടി 143, പേരാമ്പ്ര 145, ബാലുശ്ശേരി 163, എലത്തൂര്‍ 141, കോഴിക്കോട് നോര്‍ത്ത് 142, കോഴിക്കോട് സൗത്ത് 130, ബേപ്പൂര്‍ 142, കുന്നമംഗലം 160, കൊടുവള്ളി 125, തിരുവമ്പാടി 138 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഇവയില്‍ 65 എണ്ണം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്. ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ സജ്ജീകരിച്ചുകഴിഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പ്രയാസമില്ലാതെ എത്തിച്ചേരുന്നതിനുള്ള റാംപ് സംവിധാനമുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
കുടിവെള്ളം, ടോയ്‌ലറ്റ്, പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേക വഴികള്‍, വോട്ടര്‍മാര്‍ക്ക് കാത്തിരിക്കാനുള്ള തണലിടം, വൈദ്യുതി, ആവശ്യമായ ഫര്‍ണിച്ചര്‍ എന്നിവയാണ് പോളിങ് സ്റ്റേഷനിലൊരുക്കേണ്ട മറ്റു സൗകര്യങ്ങള്‍. ഇവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് റിട്ടേണിംഗ് ഓഫിസര്‍മാര്‍ നടത്തിവരുന്ന പരിശോധന ഏറെക്കുറെ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതിനു പുറമെ ഓരോ പോളിങ് സ്റ്റേഷന്റെയും പുറംഭിത്തിയില്‍ കേന്ദ്രത്തിന്റെ പേര്, നമ്പര്‍, ബി—എല്‍—ഒയുടെ പേര്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ആളുകള്‍ക്ക് വ്യക്തമാകത്തക്ക രീതിയില്‍ എഴുതിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it