|    Oct 15 Mon, 2018 2:51 pm
FLASH NEWS

ഫെയറി ക്വീനും ബ്രിട്ടിഷ് രാജും

Published : 4th March 2017 | Posted By: G.A.G

fairyqueen

പ്രായം ഏറെ ചെന്നിട്ടും സൗന്ദര്യം ഒട്ടും കുറയാതെ ഇന്നും രാജകുമാരിയായി ലോകത്തെ ഞെട്ടിക്കുന്ന സുന്ദരി, ആരാണെന്നല്ലെ? ഫെയറി ക്യൂന്‍ എന്ന തീവണ്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 166 വര്‍ഷം കഴിഞ്ഞിട്ടും ആ പ്രൗഢിക്ക് യാതൊരു കുറവും വന്നിട്ടില്ല. അല്‍പം മോടിപിടിപ്പിക്കല്‍ കൂടിയായപ്പോള്‍ ഇവളു തന്നെ ലോകസുന്ദരി. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം പഴയപോലെ യാത്രക്കൊരുങ്ങി നില്‍ക്കുകയാണ് ഫെയറി ക്വീന്‍. കഴിഞ്ഞ ദിവസം ഡല്‍ഹി-ഹരിയാന റൂട്ടില്‍ നടത്തിയ യാത്ര അതിന്റെ തുടക്കം മാത്രം. ഇന്ന് ഫെയറി ക്വീനിന് ഒട്ടേറെ കഥകള്‍ പറയാനുണ്ട്. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കുറേ കഥകള്‍.

fairy-5
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് ഇന്ത്യയില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുന്നത്. വ്യാപാരം തന്നെ ലക്ഷ്യം. അന്ന് തടിക്കഷണങ്ങള്‍ കൊണ്ടുള്ള റെയില്‍പാളങ്ങളും ഓലമേഞ്ഞ റെയില്‍വേ സ്‌റ്റേഷനുകളുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലെ കാടുകളിലേക്കായിരുന്നു ബ്രിട്ടിഷുകാര്‍ അവരുടെ ആദ്യപാളങ്ങള്‍ വിരിച്ചത്.

fairy-2

തടി അടക്കമുള്ള വനവിഭവങ്ങള്‍ ചൂഷണം ചെയ്യലും അസ്വസ്ഥബാധിത പ്രദേശങ്ങളിലേക്കുള്ള സൈനികനീക്കവുമായിരുന്നു പ്രധാന ലക്ഷ്യം.
തീവണ്ടിപ്പാതയുടെ നിര്‍മാണവും അതുണ്ടാക്കിയ അസ്വസ്ഥതകളും കൗതുകങ്ങളും പട്ടാളനീക്കവുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തില്‍ പോലും പത്തൊമ്പതാം  നൂറ്റാണ്ടിന്റെ പകുതിയോടെ തീവണ്ടി യാഥാര്‍ഥ്യമായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ‘തീവണ്ടിച്ചിന്ദ്’ എന്ന പേരില്‍ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്.

fairy-3
അധികം കഴിയും മുമ്പേ, തീവണ്ടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഇക്കാലത്താണ് ഇംഗ്ലണ്ടിലെ ലിഡ്‌സില്‍, ഫെയറി ക്വീന്‍ എന്ന ട്രെയിന്‍ എന്‍ജിന്‍ നിര്‍മിക്കുന്നത്. 1855ല്‍ ഇംഗ്ലണ്ടില്‍ നിന്നു കപ്പല്‍മാര്‍ഗം ഫെയറി ക്വീനിനെ കൊല്‍ക്കത്തയിലെത്തിച്ചു. ഹൗറ-റാണിഗഞ്ച് റൂട്ടിലായിരുന്നു ആദ്യ പ്രയാണം. 1857ലെ സ്വാതന്ത്ര്യസമരകാലത്ത് പട്ടാളക്കാരെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ ഫെയറി ക്വീന്‍ ഉപയോഗപ്പെടുത്തിയിരുന്നു. 1908 വരെ ക്വീന്‍ പ്രവര്‍ത്തനനിരതയായി. അതിനുശേഷം ചരിത്രസ്മാരകമെന്ന നിലയില്‍ നാലു ദശാബ്ദത്തോളം ഹൗറ സ്‌റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചു.

fairy-4
1971-72 കാലത്ത് ക്വീനിനെ ഡല്‍ഹി നാഷനല്‍ റെയില്‍ മ്യൂസിയത്തിലേക്കു മാറ്റി. ഇത്രകാലം ഉപയോഗിക്കാതിരുന്നിട്ടും വണ്ടിക്ക് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്ന് ഇക്കാലത്ത് വിദഗ്ധര്‍ കണ്ടെത്തി. അതോടെയാണ് വീണ്ടും ഓടിപ്പിച്ചാലോ എന്ന ചിന്ത ഉണ്ടാവുന്നത്. ഡല്‍ഹിയിലെ ആള്‍വാര്‍ റൂട്ടിലായിരുന്നു അടുത്ത യാത്ര. 1998 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവിഎന്‍ജിനായി ഗിന്നസ് ബുക്ക് അംഗീകരിച്ചു.
അങ്ങനെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി നില്‍ക്കുമ്പോഴാണ് 2004ല്‍ ഫെയറി ക്വീനിന്റെ പ്രധാന ഭാഗങ്ങള്‍ മോഷണം പോവുന്നത്. 2011ല്‍ രണ്ടാം തവണയും മോഷണം നടന്നു. ആദ്യ മോഷണത്തില്‍ പോയ ഭാഗങ്ങള്‍ തിരിച്ചുകിട്ടിയെങ്കിലും രണ്ടാംതവണ നിരാശയായിരുന്നു ഫലം. എങ്കിലും കണ്ടെത്തിയ ഭാഗങ്ങള്‍ വച്ച് ക്വീനിനെ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോള്‍ ഫെയറി ക്യൂന്‍ വീണ്ടും ഓടിത്തുടങ്ങുന്നത്.                         ഹ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss