|    Jan 19 Thu, 2017 1:47 am
FLASH NEWS

185 തവണ സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടതായി രേഖകള്‍

Published : 14th July 2016 | Posted By: SMR

കൊച്ചി: മുന്‍മന്ത്രി എ പി അനില്‍കുമാറിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ല 185 തവണ സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍. സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍മുമ്പാകെ നസറുല്ലയെ വിസ്തരിക്കുന്നതിനിടെയാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം സരിതയുടെ ഫോണ്‍സംഭാഷണ രീതിയും വ്യക്തിപ്രഭാവവുംവച്ച് നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയെന്ന നിലയില്‍ അവരുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് നസറുല്ല കമ്മീഷനില്‍ മൊഴി നല്‍കി. ആയിരം സെക്കന്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ആറ് കോളുകള്‍ സരിതയുമായി അര്‍ധരാത്രിയില്‍ ഉള്‍പെടെ നടത്തിയിട്ടുള്ളതായി നസറുല്ല ലോയേഴ്‌സ് യൂനിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി സോളാര്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു.
ഈ ആറു കോളുകളില്‍ നാലെണ്ണം നസറുല്ലയാണ് സരിതയെ അങ്ങോട്ട് വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. സരിതയുടെ 8606161700 എന്ന നമ്പറിലേക്ക് 2012 ജൂണ്‍ നാല് മുതല്‍ 2013 മെയ് എട്ടുവരെ അങ്ങോട്ടുമിങ്ങോട്ടും നസറ്റുല്ല മൊത്തം 164 ഫോണ്‍കോളുകള്‍ നടത്തിയതായി കമ്മീഷന്‍ അഭിഭാഷകന്‍ പറഞ്ഞു. അതില്‍ 73 കോളുകള്‍ നസറുല്ലയാണ് അങ്ങോട്ട് വിളിച്ചത്. 2012 ജൂലൈ 27ന് രാത്രി 9.36 മുതല്‍ അര്‍ധരാത്രി ഒരു മണി വരെ നാലു കോളുകളിലായി 40 മിനിറ്റോളം സംസാരിച്ചതായി നസറുല്ല കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. സരിതയുടെ മറ്റൊരു നമ്പറായ 9446735555 ലേക്കും 2012 സപ്തംബര്‍ 17 മുതല്‍ 2013 മാര്‍ച്ച് അഞ്ച് വരെയുള്ള കാലയളവില്‍ ഒരു എസ്എംഎസ് ഉള്‍പെടെ 21 കോളുകള്‍ സിഡിആര്‍ പ്രകാരം നടത്തിയിട്ടുള്ളതായി കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ വ്യക്തമാക്കി.
രാത്രി സമയങ്ങളില്‍ സരിതയുമായി സംസാരിക്കുന്നത് പകല്‍ സമയങ്ങളില്‍ ഔദ്യോഗിക തിരക്കുകളില്‍പെട്ടതുകൊണ്ട് ആണെന്നും താന്‍ വിളിച്ചിരുന്ന കാലഘട്ടത്തില്‍ അവര്‍ ഒരു തട്ടിപ്പുകാരിയാണ് എന്നറിഞ്ഞിരുന്നില്ലെന്നും നസറുല്ല കമ്മീഷനില്‍ മൊഴി നല്‍കി. രണ്ടുതവണ സരിതയെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും മന്ത്രി എ പി അനില്‍കുമാറിന്റെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് 2012ല്‍ ആണ് ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത ആദ്യമായി തന്നെ ഫോണില്‍ വിളിക്കുന്നതെന്നും നസറുല്ല മൊഴി നല്‍കി. മലപ്പുറത്തും കോഴിക്കോടും ടീം സോളാറിന്റെ ജില്ലാതല ഓഫിസിന്റെ (അനെര്‍ട്ട്) ഉദ്ഘാടനം ടൂറിസം മന്ത്രിയെക്കൊണ്ട് നിര്‍വഹിപ്പിക്കണമെന്ന ആവശ്യവുമായാണ് സരിത രണ്ടു തവണയും തന്നെ നേരില്‍വന്നു കണ്ടത്. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക തിരക്കുകളാല്‍ ഉദ്ഘാടനത്തിന് പറ്റിയ തിയ്യതി നല്‍കാന്‍ സാധിച്ചില്ല. സരിത പല തവണ മന്ത്രിയുടെ ഡേറ്റിനായി തന്നെ വിളിച്ചിട്ടുള്ളതും താന്‍ അവരെ പല തവണ തിരിച്ചു വിളിച്ചിട്ടുള്ളതുമാണ്. ഇക്കാര്യത്തിനായി ബിജു രാധാകൃഷ്ണന്‍ മന്ത്രിയെയോ തന്നെയോ നേരിട്ടോ ഫോണിലോ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.
ടീം സോളാര്‍ കമ്പനി 2011ന് ശേഷം ഒരു ജില്ലയിലും എനര്‍ജി മാര്‍ട്ടുകള്‍ തുടങ്ങിയിട്ടില്ലെന്ന വസ്തുത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ നമ്പറിലേക്ക് സരിത വിളിച്ച മിക്കവാറും കോളുകളും ഉദ്ഘാടനവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും അല്ലാതെയും അവര്‍ വിളിച്ചിരുന്നതായും നസറുള്ള പറഞ്ഞു. സരിതയുടെ രഹസ്യ കത്തില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്നും നസറുല്ല പറഞ്ഞു. ടീം സോളാര്‍ കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എംഎന്‍ആര്‍ഇയുടെ ചാനല്‍ പാര്‍ട്ണര്‍ ആവുകയെന്നത് നിര്‍ബന്ധമാണെന്ന് പറഞ്ഞു സരിതയെ കെ സി വേണുഗോപാലും എ പി അനില്‍കുമാറും നസറുല്ലയും മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന ലോയേഴ്‌സ് യൂനിയന്‍ അഭിഭാഷകന്റെ വാദം നസറുല്ല തള്ളി. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും നസറുല്ല പറഞ്ഞു. എന്നാല്‍ അത്തരം നടപടികളുടെ പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകളാണ് കമ്മീഷനു ലഭിച്ച ഫോണ്‍കോള്‍ രേഖകളെന്നും അഡ്വ. ബി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക