1,81,799 ശൈശവ വിവാഹങ്ങള്‍, ഇവര്‍ക്ക് 10,175 കുട്ടികള്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ശക്തമായ ബോധവല്‍ക്കരണങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. അടുത്തകാലത്ത് പുറത്തുവിട്ട 2011ലെ സെന്‍സസ് വിശദാംശങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് 1,81,799 ശൈശവ വിവാഹങ്ങള്‍ നടന്നതായി സെന്‍സസ് വിശദീകരിക്കുന്നു. ഇതില്‍തന്നെ 10 മുതല്‍ 14 വയസ്സുവരെയുള്ള 30,114 വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ഇവരില്‍ 21,669 പെണ്‍കുട്ടികളും 8345 ആണ്‍കുട്ടികളുമാണുള്ളത്. 15 നും 19നും ഇടയിലുള്ള 1,77,877 വിവാഹങ്ങളും നടന്നിട്ടുണ്ട്. ഇതില്‍ 1,60,130 പെണ്‍കുട്ടികളും 17,747 ആണ്‍കുട്ടികളുമാണുള്ള ത്. ശൈശവ വിവാഹങ്ങളില്‍ 33,000 പെണ്‍കുട്ടികള്‍ 19 വയസ്സ് ആവുന്നതിനു മുമ്പുതന്നെ വിധവകള്‍ ആയിട്ടുണ്ട്. 2758 പേര്‍ വിവാഹമോചനം നേടുകയും ചെയ്തു. ഈ വിവാഹബന്ധങ്ങളിലൂടെ 10,175 കുഞ്ഞുങ്ങളും ഉണ്ടായിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ നിയമംമൂലം നിരോധിക്കുകയും സര്‍ക്കാരും സ്ത്രീ സംഘടനകളും ബോധവല്‍ക്കരണം ശക്തമാക്കുകയും ചെയ്ത സംസ്ഥാനത്തെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
ബാലവിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവു പുറത്തുവന്ന് 10 ദിവസത്തിനകം 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ 51,011 പേരാണ് ത്രിതല പഞ്ചായത്തുകളില്‍ എത്തിയത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായിരുന്നു കൂടുതല്‍ അപേക്ഷകര്‍.
ശൈശവ വിവാഹത്തില്‍ മലബാറാണ് മുന്നിലെന്ന ധാരണ തിരുത്തുന്നതാണ് പുതിയ കണക്കുകള്‍. ശതമാന അടിസ്ഥാനത്തില്‍ പത്തനംതിട്ട ജി ല്ലയാണ് ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. 0.88 ശതമാനം. 0.735 ശതമാനവുമായി ആലപ്പുഴയാണു തൊട്ടുപിന്നില്‍. 0.73 ശതമാനവുമായി തിരുവനന്തപുരത്തി നാണ് മൂന്നാം സ്ഥാനം.
925, 1605, 2537 എന്നിങ്ങനെയാണ് യഥാക്രമം 15 വയസ്സിനു താഴെ പ്രായമുള്ള വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം ശൈശവ വി വാഹ നിരക്കില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് ബാലവിവാഹ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയായിരുന്ന മലപ്പുറം ജില്ല. 0.604 സംസ്ഥാന ശരാശരിയുള്ളപ്പോള്‍ 0.594 ആണ് മലപ്പുറത്തെ ശൈശവ വിവാഹനിരക്ക്.
സംസ്ഥാനത്ത് 12നും 15നും ഇടയില്‍ പ്രായമുള്ള ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളുള്ള മലപ്പുറത്ത്(6,08,751) 3615പേരാണു വിവാഹിതരായത്. സാമൂഹിക നീതിവകുപ്പ് 2010 മുത ല്‍ 2015വരെ യഥാക്രമം 344, 307, 383, 296, 126, 149 ശൈശവ വിവാഹങ്ങള്‍ മലപ്പുറത്തു മാത്രം തടഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it