18.50 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ നിന്നും ഒളിപ്പിച്ചുകടത്തിയ 18.5 കിലോ കഞ്ചാവുമായി രണ്ടുപേരെ ചിറ്റൂര്‍ പോലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തേനി തേവാരം ഷൗഡമ്മന്‍ കോവില്‍ത്തെരുവ് മൂര്‍ത്തി (47), കൃഷ്ണഗിരി ഉത്തങ്കര ശിങ്കാരപ്പേട്ട കെന്നഡി നഗര്‍ കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ആലംകടവ് ബസ് വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുകയായിരുന്നു ഇരുവരും. ആന്ധ്രപ്രദേശില്‍ നിന്ന് തിരുപ്പൂരിലെത്തിച്ച് അവിടെ നിന്നു ബസ്സിലാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു.
ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാര്‍, പാലക്കാട് ഡിവൈഎസ്പി സുല്‍ഫിക്കര്‍, ചിറ്റൂര്‍ സിഐ കെ എം ബിജു, എസ്‌ഐമാരായ ബഷീര്‍ ചിറയ്ക്കല്‍, രാജേഷ് അയോടന്‍, ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ജേക്കബ് നസീറലി, ധര്‍മരാജ്, അശോക്കുമാര്‍, വിനോദ്കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുവേട്ട നടത്തിയത്. അറസ്റ്റിലായ ഇരുവരേയും ചിറ്റൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടികൂടിയ കഞ്ചാവിന് ഏകദേശം എട്ട് ലക്ഷം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യപ്രതികളിലൊരാളാണ് അറസ്റ്റിലായ മൂര്‍ത്തി.
Next Story

RELATED STORIES

Share it