18 സര്‍ക്കാര്‍ കോളജുകളില്‍ 66 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 18 സര്‍ക്കാര്‍ കോളജുകളില്‍ 66 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. 105 ഗസ്റ്റ് ലക്ചറര്‍ തസ്തികയ്ക്കും യോഗം അനുമതി നല്‍കി. ഇതിനായി 5.76 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സര്‍ക്കാര്‍ കോളജുകളും അനുവദിച്ച തസ്തികകളുടെ എണ്ണവും. താനൂര്‍- 3, മങ്കട- 6, കൊണ്ടോട്ടി- 3, കൊടുവള്ളി- 4, ബാലുശ്ശേരി- 3, ചേലക്കര, തൃശൂര്‍- 1, തൃത്താല, പാലക്കാട്- 2, മലയിന്‍കീഴ്, കാട്ടാക്കട- 3, നെയ്യാറ്റിന്‍കര- 1, തലശ്ശേരി- 2, പയ്യന്നൂര്‍- 1, നാദാപുരം, കോഴിക്കോട്- 2, ഇലന്തൂര്‍, പത്തനംതിട്ട- 6+1 (പ്രിന്‍സിപ്പല്‍), ഉദുമ, കുനിയ- 6+1 (പ്രിന്‍സിപ്പല്‍), തവനൂര്‍, മലപ്പുറം- 1+1 (പ്രിന്‍സിപ്പല്‍), ഒല്ലൂര്‍, തൃശൂര്‍- 7+1 (പ്രിന്‍സിപ്പല്‍), കുന്ദമംഗലം, കോഴിക്കോട്- 6+1 (പ്രിന്‍സിപ്പല്‍), കോങ്ങാട്- 3+1 (പ്രിന്‍സിപ്പല്‍).
സംസ്ഥാനത്ത് കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിന് ഏര്‍പ്പെടുത്തിയ സബ്‌സിഡി ഉള്‍നാടന്‍ ജലഗതാഗതത്തിനു കൂടി നല്‍കും. ഒരു കിലോമീറ്ററിന് ടണ്ണിന് ഒരു രൂപ നിരക്കില്‍ സബ്‌സിഡി നല്‍കണമെന്ന ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സബ്‌സിഡി ലഭിക്കുന്നതിനുള്ള കുറഞ്ഞ ദൈര്‍ഘ്യം 20 കിമീ ആയിരിക്കും. ദേശീയ പാത, സംസ്ഥാന ജലപാത, ഫീഡര്‍ കനാല്‍ എന്നിവ ഗതാഗതയോഗ്യമാവുന്ന മുറയ്ക്ക് സബ്‌സിഡി ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഏറ്റവും കുറഞ്ഞത് 50 ടണ്‍ കപ്പാസിറ്റി ഉള്ളതുമായ മെക്കനൈസ്ഡ് യാനങ്ങള്‍ക്കായിരിക്കും സബ്‌സിഡിക്ക് അര്‍ഹത.
സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളും രണ്ട് ഓഡിറ്റ് ഓഫിസര്‍, 37 ഓഡിറ്റര്‍ തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ ഓഫിസുകളിലെ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിന്റ് ഡയറക്ടര്‍ തസ്തികയായി ഉയര്‍ത്തും. കഴക്കൂട്ടം ടെക്‌നോപാര്‍ക് സര്‍ക്കിളും മെഡിക്കല്‍ കോളജ് സര്‍ക്കിളും ഉള്‍പ്പെടുത്തി കഴക്കൂട്ടം കേന്ദ്രമായി സൈബര്‍ സിറ്റി സബ്ഡിവിഷന്‍ എന്ന പേരില്‍ പുതിയ പോലിസ് സബ്ഡിവിഷന്‍ രൂപീകരിക്കും.
തൊടുപുഴ മുട്ടം വില്ലേജില്‍ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ഒരേക്കര്‍ ഭൂമി വൈദ്യുതി ബോര്‍ഡിന് സബ്‌സ്റ്റേഷന്‍ നിര്‍മിക്കാന്‍ 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കും. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജ്യൂക്കേഷന് (കേപ്) എന്‍ജിനീയറിങ് കോളജ് നിര്‍മിക്കുന്നതിന് തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ 5.4 ഏക്കര്‍ ഭൂമി നല്‍കും.
Next Story

RELATED STORIES

Share it