18 പദ്ധതികള്‍ക്ക് നാളികേര വികസനബോര്‍ഡിന്റെ അംഗീകാരം

തിരുവനന്തപുരം: കേരോല്‍പന്നങ്ങളുടെ നിര്‍മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോല്‍സാഹിപ്പിക്കുന്നതിന് 18 പദ്ധതികള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ 48ാമത് ടെക്‌നോളജി മിഷന്റെ പ്രൊജക്ട് അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കി.
വര്‍ഷം 493 ലക്ഷം നാളികേരവും 3,300 ടണ്‍ ചിരട്ടക്കരിയും സംസ്‌കരിച്ചെടുക്കുന്ന 12.76 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതികള്‍ക്ക് ബോര്‍ഡ് 2.75 കോടി രൂപയുടെ ധനസഹായം നല്‍കും. യോഗത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ കെ സിങ് അധ്യക്ഷനായിരുന്നു. ബോര്‍ഡിന്റെ വാഴക്കുളത്തുള്ള സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ലാബില്‍ വികസിപ്പിച്ച നാല് ഫ്‌ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ജ്യൂസായ ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്കിന്റെ പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 52.20 ലക്ഷം രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.
ഉല്‍പന്നവൈവിധ്യവല്‍ക്കരണ വിഭാഗത്തില്‍ വര്‍ഷം 300 ലക്ഷം നാളികേരം സംസ്‌കരിച്ച് തൂള്‍ തേങ്ങ നിര്‍മിക്കുന്ന അഞ്ച് യൂനിറ്റുകള്‍ക്കും 105 ലക്ഷം നാളികേരം സംസ്‌കരിച്ച് വെര്‍ജിന്‍ വെളിച്ചെണ്ണ നിര്‍മിക്കുന്ന മൂന്ന് യൂനിറ്റുകള്‍ക്കും വര്‍ഷം രണ്ടുലക്ഷം നാളികേരത്തില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഒരുയൂനിറ്റിനും വര്‍ഷം 60 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയര്‍ യൂനിറ്റുകള്‍ക്കും 26 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള 4 ഉണ്ടക്കൊപ്ര യൂനിറ്റുകള്‍ക്കുമാണ് കമ്മിറ്റി അംഗീകാരം നല്‍കിയത്.
കേരളത്തില്‍ പ്രതിദിനം 5,000 നാളികേരം സംസ്‌കരിക്കുന്ന ഒരു വെര്‍ജിന്‍ വെളിച്ചെണ്ണ യൂനിറ്റിനും, 30,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് തൂള്‍ തേങ്ങ നിര്‍മാണ യൂനിറ്റിനും, 20,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ടു കൊപ്ര ഡ്രയറുകള്‍ക്കും ഒരു നാളികേര സ്വീറ്റ് ബോള്‍സ് യൂനിറ്റിനും അനുമതി നല്‍കിയിട്ടുണ്ട്.
കര്‍ണാടകയില്‍ പ്രതിദിനം 45,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് തൂള്‍ തേങ്ങ നിര്‍മാണ യൂനിറ്റുകള്‍ക്കാണ് അനുമതി ലഭിച്ചത്. തമിഴ്‌നാട്ടില്‍ പ്രതിദിനം 25000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യൂനിറ്റിനും 30,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റിനും പ്രതിദിനം 10 മെട്രിക് ടണ്‍ ഷെല്‍ ചാര്‍ക്കോള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു ഷെല്‍ചാര്‍ക്കോള്‍ യൂനിറ്റിനുമാണ് അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it