|    Aug 21 Tue, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

18ാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു

Published : 29th March 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ 18ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. കാവേരി നദീജല വിഷയം ഉന്നയിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ 10 മിനിറ്റ് നേരം മാത്രമാണ് ഇന്നലെ സഭ ചേര്‍ന്നത്. 11മണിക്ക് സഭ ചേര്‍ന്നയുടന്‍ പ്രതിഷേധവും ആരംഭിച്ചു. ചോദ്യോത്തരവേള പൂര്‍ണമായും ബഹളം മൂലം തടസ്സപ്പെട്ടു.
സഭ തുടങ്ങി മൂന്നു മിനിറ്റായപ്പോഴേക്കും സഭ 12 മണിക്ക് ചേരുന്നതിനായി പിരിഞ്ഞു. 12 മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും എസ് രാജേന്ദ്രന്‍ അടക്കമുള്ള എംപിമാര്‍ സ്പീക്കറുടെ മേശയ്ക്ക് സമീപമെത്തി മുദ്രാവാക്യം വിളി ആരംഭിച്ചിരുന്നു. ബഹളത്തിനിടെ, സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം ലഭിച്ച കാര്യം പതിവു പോലെ ഇന്നലെയും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. സഭ ക്രമത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അവിശ്വാസപ്രമേയം പരിഗണിക്കാനാവില്ലെന്ന കാര്യവും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹളത്തിനിടെ മന്ത്രിമാര്‍ പേപ്പറുകള്‍ മേശപ്പുറത്ത് വയ്ക്കുന്ന നടപടിയും മന്ത്രിമാരുടെ പ്രസ്താവനകളും പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ റിപോര്‍ട്ടുകളും സഭയുടെ മേശപ്പുറത്ത് വച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ സംസാരിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന 80 പേര്‍ സഭയിലുണ്ടെന്നും പ്രമേയത്തിന്‍മേല്‍ ചര്‍ച്ചവേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നടക്കില്ലെന്നും സഭ പ്രക്ഷുബ്ധമായിരിക്കെ എങ്ങനെ പ്രമേയം അംഗീകരിക്കാനാവുമെന്നും സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്നു പതിവുപോലെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയവരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ്, സഭ തിങ്കളാഴ്ച വരെ പിരിയുന്നതായി അറിയിക്കുകയായിരുന്നു.
അതേസമയം, രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന 40 എംപിമാര്‍ക്ക് സഭ യാത്രയയപ്പ് നല്‍കി. മുത്വലാഖ് വിഷയത്തില്‍ സഭയില്‍ തീരുമാനം എടുക്കുമ്പോള്‍ വിരമിക്കുന്ന അംഗങ്ങള്‍ ഉണ്ടാവാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സഭയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് ഒരിക്കലും റിട്ടയര്‍മെന്റ് ഇല്ലെന്നും ഈ യാത്രയയപ്പ് താല്‍ക്കാലികമാണെന്നും തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു, ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ എന്നിവരും വിവിധ കക്ഷി നേതാക്കളും യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിച്ചു.
യാത്രയയപ്പ് പ്രസംഗം കഴിഞ്ഞതോടെ, 3.40ന് എഐഎഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss