|    Jun 18 Mon, 2018 5:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി

Published : 2nd June 2018 | Posted By: kasim kzm

കൊച്ചി: 18 വയസ്സായ ആണ്‍കുട്ടിക്കും 19 വയസ്സായ പെണ്‍കുട്ടിക്കും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെ ഒരുമിച്ചു താമസിച്ചുവരുന്ന ഇവരെ ആണ്‍കുട്ടിക്ക് നിയമപ്രകാരമുള്ള വിവാഹപ്രായമായില്ലെന്നു പറഞ്ഞ് വേര്‍തിരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തള്ളി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തന്റെ മകളെ ആണ്‍കുട്ടി നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള നിയമപ്രകാരമുള്ള പ്രായമായിട്ടുണ്ടെങ്കിലും ആണ്‍കുട്ടിക്ക് അത് ആയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവന്‍ നിയമപ്രകാരം കുട്ടിയാണ്. പക്ഷേ, വിവാഹബന്ധമില്ലാതെ തന്നെ പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കാം. ലിവ് ഇന്‍ റിലേഷനുകളെ നിയമം അഗീകരിക്കുന്നുണ്ട്. ഗാര്‍ഹികപീഡന സംരക്ഷണ നിയമം ലിവ് ഇന്‍ റിലേഷനുകള്‍ക്കും ബാധകമാണെന്ന് ഇതിനു തെളിവായി കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ളയാളുമൊത്ത് ജീവിക്കാമെന്ന് ഹാദിയാ കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. അതില്‍ കോടതിക്ക് ഇടപെടാനാവില്ല. മാതാവിന്റെ മനോവികാരമോ പിതാവിന്റെ അഹംഭാവമോ പരിഗണിച്ച് കോടതി അതിശക്തമായ ഒരു രക്ഷിതാവായി മാറരുതെന്നാണ് ഹാദിയാ കേസില്‍ സുപ്രിംകോടതി വിധിച്ചത്.
ഹേബിയസ് കോര്‍പസ് ഹരജിയിലെ ഉത്തരവുകള്‍പ്രകാരം ഇവരെ വേര്‍പിരിക്കാന്‍ കഴിയില്ല. യാഥാസ്ഥിതികര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രായപൂര്‍ത്തിയായവരുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ ഭരണഘടനാ കോടതികള്‍ ബാധ്യസ്ഥരാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരുമിച്ചു ജീവിക്കാമെന്നും വേണമെങ്കില്‍ നിയമപ്രകാരം പിന്നീട് വിവാഹം കഴിക്കാമെന്നും ഹേബിയസ് കോര്‍പസ് ഹരജി തള്ളി കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സ്‌കൂള്‍കാലം മുതലേ പ്രണയത്തിലാണെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. സമാനമായ പരാതി നേരത്തേ പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആണ്‍കുട്ടിക്ക് 21 വയസ്സായശേഷം മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ അറിയിച്ചു.
ലിവ് ഇന്‍ റിലേഷന്‍ നിയമപരമല്ലെന്നും കുഞ്ഞുങ്ങളുണ്ടാവുകയാണെങ്കില്‍ നിയമപരമായി യാതൊരു അവകാശവുമുണ്ടാവില്ലെന്നും പിതാവ് വാദിച്ചു. ആണ്‍കുട്ടിക്ക് 21 വയസ്സാവാത്തതിനാല്‍ ഇത്തരം വിവാഹം ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പിതാവ് വാദിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണു വിധി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss