18ന് ഹാജരാവണം; മല്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

ന്യൂഡല്‍ഹി: ശതകോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യരാജാവ് വിജയ് മല്യയോട് ഈ മാസം 18ന് മുംബൈയില്‍ ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടാണു നടപടി. 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ള 9000 കോടിയുടെ കടബാധ്യതയ്ക്കു പുറമെയാണിത്.
അതേസമയം, താന്‍ ഇന്ത്യയില്‍നിന്ന് ഒളിച്ചോടിയതല്ലെന്ന് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചു. അന്താരാഷ്ട്ര വ്യവസായിയാണു താന്‍. അതിനാല്‍ ഇന്ത്യക്ക് പുറത്തേക്കു നിരന്തരം യാത്രചെയ്യാറുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സ്വത്ത് വെളിപ്പെടുത്തണമെന്നാണു ചില മാധ്യമങ്ങള്‍ പറയുന്നത്. ഇക്കാര്യം ബാങ്കുകള്‍ക്ക് അറിയില്ലെന്നും പാര്‍ലമെന്റില്‍ നല്‍കിയ ആസ്തിവിവര കണക്കുകള്‍ കണ്ടില്ലെന്നുമാണോ അതിനര്‍ഥം.
മാധ്യമ ഉടമകള്‍ പലരും തന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. ടിആര്‍പി റേറ്റിങ് കൂട്ടാന്‍ മാധ്യമങ്ങള്‍ നുണപറയുകയാണ്. പാര്‍ലമെന്റംഗം എന്ന നിലയില്‍ രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന ആളാണു താന്‍. മാധ്യമവിചാരണ വേണ്ടെന്നും മല്യ പറഞ്ഞു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ രഘുനാഥനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ഐഡിബിഐ ബാങ്കിലെയും ആറു ജീവനക്കാരോടു വ്യക്തിഗത സാമ്പത്തിക ഇടപാടുകളുടെയും ആദായനികുതി റിട്ടേണു കളുടെയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it