Districts

വടകര: ടി പി ചന്ദ്രശേഖരന്റെ ജന്മദേശമായ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ ആര്‍എംപിക്ക് കനത്ത തിരിച്ചടി. നിലവിലുള്ളതില്‍ രണ്ട് സീറ്റ് നഷ്ടമായതോടെ ഒഞ്ചിയത്ത് ആര്‍എംപിയുടെ ഭരണ തുടര്‍ച്ചക്ക് ഇത്തവണ യുഡിഎഫിന്റെ പിന്തുണ തേടേണ്ടി വരും.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഒഞ്ചിയത്ത് എട്ട് സീറ്റ് നേടി തനിച്ച് ഭരിച്ചിരുന്നത് ഇത്തവണ ആറു സീറ്റായി ചുരുങ്ങി. കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി രണ്ട് സീറ്റ് വര്‍ധിച്ചു. ടിപിയുടെ തട്ടകമായ ഒഞ്ചിയം ഗ്രാമ പ്പഞ്ചായത്തില്‍ സിപിഎം വീണ്ടും ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ആര്‍എംപി നിലവില്‍വന്ന ശേഷം ആദ്യമായാണ് സിപിഎം ഇവിടെ നില മെച്ചപ്പെടുത്തുന്നത്. യുഡിഎഫ് കഴിഞ്ഞ തവണയുണ്ടായിരുന്ന നാല് സീറ്റ് നിലനിര്‍ത്തി.
അതേസമയം, ടിപി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപം ഉള്‍ക്കൊള്ളുന്ന ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് വാര്‍ഡ് സിപിഎമ്മില്‍നിന്നും ആര്‍എംപി പിടിച്ചെടുത്തു. വടകര നഗരസഭയില്‍ ഇത്തവണ അക്കൗണ്ട് തുറന്നതും ആര്‍എംപിക്ക് ആശ്വാസമായി.
ചോറോട് പഞ്ചായത്തില്‍ ആര്‍എംപി രണ്ട് സീറ്റാണ് നേടിയത്. ഏറാമലയില്‍ മൂന്ന് സീറ്റിലും അഴിയൂരില്‍ രണ്ട് സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എസ്ഡിപിഐയെയും ബിജെപിയെയും കൂട്ടുപിടിച്ചാണ് ഒഞ്ചിയത്ത് സിപിഎം ഇത്തവണ വിജയം നേടിയതെന്ന് ആര്‍എംപി സെക്രട്ടറി എന്‍ വേണു പറഞ്ഞു. യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it