Districts

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ. പി കെ രവീന്ദ്രന്‍, ഡോ. അനില്‍കുമാര്‍ വടവാതൂര്‍, എന്‍ ജെ കെ നായര്‍, ഡോ. ജീവന്‍ ജോബ് തോമസ്, പി എം സിദ്ധാര്‍ഥന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, പ്രശസ്ത ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്ര പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.
കുട്ടികള്‍ക്കുള്ള മികച്ച ശാസ്ത്രപുസ്തകത്തിനുള്ള 2014ലെ പുരസ്‌കാരത്തിനാണ് പ്രഫ. പി കെ രവീന്ദ്രന്‍ അര്‍ഹനായത്. നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍ എന്ന കൃതിയാണ് രവീന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ജനപ്രിയ ശാസ്ത്രസാഹിത്യത്തിനുള്ള പുരസ്‌കാരത്തിനാണ് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ അര്‍ഹനായത്. ഗഹനമായ വൈജ്ഞാനിക ശാസ്ത്രസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് എന്‍ ജെ കെ നായര്‍ അര്‍ഹനായി. നദീവിജ്ഞാനീയം എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ. ജീവന്‍ ജോബ് തോമസ്, പി എം സിദ്ധാര്‍ഥന്‍ എന്നിവര്‍ തുല്യമായി പങ്കിട്ടു. പ്രഫ. എസ് ശിവദാസ് ചെയര്‍മാനായ വിദഗ്ധ സമിതിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it