171 കോടിയുടെ ബ്രഹ്മപുരം വാതകനിലയം നഷ്ടക്കച്ചവടമാവും; വേണ്ടെന്ന് റെഗുലേറ്ററി കമ്മീഷന്‍

എം പി വിനോദ്

ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകം വന്‍ വിലയ്ക്ക് കെട്ടിവയ്ക്കാന്‍ കൊച്ചി ബ്രഹ്മപുരത്ത് 171 കോടി രൂപ ചെലവിട്ട് പ്രകൃതിവാതകാധിഷ്ഠിത വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം നഷ്ടക്കച്ചവടവും കേരളത്തിന് വന്‍ ബാധ്യതയുമായി മാറുമെന്നത് ഉറപ്പ്.
ബ്രഹ്മപുരത്തെ ഡീസല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന താപവൈദ്യുതി നിലയം പ്രകൃതിവാതകത്തിലേക്കു മാറ്റാനാണ് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നത്. ഇതിന് കേന്ദ്ര ഊര്‍ജമന്ത്രായലത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍, പെട്രോനെറ്റിന് കോടികളുടെ ലാഭം കൊയ്യാന്‍, കൂടിയ വിലയ്ക്ക് പ്രകൃതിവാതകം ഉപയോഗിക്കുന്നതിനെതിരേ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രംഗത്തെത്തിയതാണ് ആശ്വാസം. ബ്രഹ്മപുരത്തു വാതകനിലയം ആരംഭിച്ചാല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് കമ്മീഷന്‍ വാതകനിലയത്തിന് അനുമതി നിഷേധിച്ചത്. വൈദ്യുതി കമ്മീഷന്റെ ശാസ്ത്രീയ നിലപാടു തെളിയിക്കുന്നതും മറ്റൊന്നല്ല, കേരളത്തിലെ താപവൈദ്യുതി നിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്കു മാറുമ്പോള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന ഗെയിലിന്റെ വാദങ്ങള്‍ നുണക്കഥയാണെന്നു തന്നെ.
ബ്രഹ്മപുരം താപവൈദ്യുതി നിലയത്തില്‍ ഇപ്പോള്‍ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഡീസലിന്റെ ഉയര്‍ന്ന വില കാരണം ഉല്‍പാദനം ചെലവേറിയതായി. അപ്പോഴാണ് പ്രകൃതിവാതകം ചെലവുകുറഞ്ഞതാണെന്നു പറഞ്ഞ് ഡീസല്‍ ജനറേറ്റുകള്‍ പൊളിച്ചുമാറ്റി വാതകനിലയം തുടങ്ങാന്‍ കെഎസ്ഇബി തീരുമാനിച്ചത്.
ഡീസലില്‍ നിന്ന് പ്രകൃതിവാതകത്തിലേക്കു മാറ്റിയാലും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 12.43 രൂപ വരുമെന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിക്കും മറ്റ് ഉല്‍പാദകരില്‍ നിന്നു വാങ്ങുന്നതിനും വില ഇതിലും വളരെ കുറവാണ്. ഉപയോഗം കൂടിയ സമയത്തുപോലും ദക്ഷിണമേഖലയില്‍ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് യൂനിറ്റിന് 5 രൂപ മാത്രമേയുള്ളൂ.
സമീപഭാവിയില്‍ ഈ മേഖലയില്‍ പുതിയ ഗ്രിഡുകള്‍ വരുന്നതിനാല്‍ വൈദ്യുതിക്ക് വില വര്‍ധിക്കാനുള്ള സാധ്യതയുമില്ല. വില കൂടിയ നാഫ്ത ഉപയോഗിക്കുന്ന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്കു പോലും യൂനിറ്റിന് 6 രൂപ മാത്രമേ വിലയുള്ളൂ. അതിനാല്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായാല്‍ നാഫ്ത ഉപയോഗിച്ച് വൈദ്യുതി നിര്‍മിച്ചാല്‍ മതിയെന്നും ഗെയിലിന്റെ കൂടിയ വിലയ്ക്കുള്ള പ്രകൃതിവാതകത്തിലേക്കു മാറേണ്ടതില്ലെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. കേരള സര്‍ക്കാര്‍ നികുതിയില്‍ ഇളവു നല്‍കിയാല്‍ പോലും ഇതു ലാഭകരമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കെഎസ്ഇബി നല്‍കിയ കണക്കും ശാസ്ത്രീയ പഠനവും നടത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയ ഈ വസ്തുതകള്‍, കായംകുളത്തെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) താപവൈദ്യുതി നിലയം പ്രകൃതിവാതകത്തിലേക്കു മാറ്റാനും, കണ്ണൂര്‍ ചീമേനിയില്‍ പുതിയ വാതകാധിഷ്ഠിത വൈദ്യുതിനിലയം തുടങ്ങാനുമുള്ള ഗെയിലിന്റെ നീക്കത്തിനാണു തടസ്സമായിരിക്കുന്നത്.
ഫാക്ട് കഴിഞ്ഞാല്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിലെത്തിക്കുന്ന ഇറക്കുമതി പ്രകൃതിവാതകത്തിന്റെ പ്രധാന ഉപയോക്താക്കളായി കണ്ടിരുന്നതാണ് ബ്രഹ്മപുരം വൈദ്യുതി നിലയത്തെയും കായംകുളം താപവൈദ്യുതി നിലയത്തെയും. കായംകുളം വൈദ്യുതി നിലയത്തിലെ നിലവിലുള്ള 360 മെഗാവാട്ട് ശേഷിയുള്ള നാഫ്ത യൂനിറ്റുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റുന്നതിനും പുതിയ 1050 മെഗാവാട്ട് ശേഷിയുള്ള വാതകാധിഷ്ഠിത യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നിര്‍ദേശം എന്‍ടിപിസിയുടെ പരിഗണനയിലാണ്.
പ്രകൃതിവാതകം ഉപയോഗിച്ചാല്‍ നാഫ്ത ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനെക്കാള്‍ ചെലവുവരുമെന്ന യഥാര്‍ഥ്യം ഗെയിലിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്. കായംകുളം നിലയത്തിലേക്ക് കടലിനടിയിലൂടെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോവാനായിരുന്നു പദ്ധതി. മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്‌ലൈന്‍ മലബാര്‍ ജില്ലകളിലെ ജനവാസ മേഖലയിലൂടെ കൊണ്ടുപോവാന്‍ ശ്രമിക്കുന്ന ഗെയിലാണ് തെക്കന്‍ ജില്ലകളിലെ മത, സാമുദായിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ ലഭിക്കാന്‍ ജനവാസ മേഖലകള്‍ ഒഴിവാക്കി കടല്‍മാര്‍ഗം തിരഞ്ഞെടുത്തത്. ഇതേ മാതൃകയില്‍ കടല്‍മാര്‍ഗം വാതക പൈപ്പ്‌ലൈന്‍ മംഗലാപുരത്തെത്തിക്കാമെന്നിരിക്കെ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടു—പോവുന്നത് പെട്രോനെറ്റിനും ഗെയിലിനും കോടികളുടെ ലാഭം കൊയ്യാനാണ്.
കടലിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ കരയിലൂടെ കൊണ്ടുപോവുന്നതിതിലും കൂടുതല്‍ തുക ചെലവുവരുമെന്നാണ് ഗെയില്‍ അധികൃതരുടെ വാദം. ജനങ്ങളുടെ ജീവന്‍, സ്വത്ത് എന്നിവയെക്കാളും തങ്ങളുടെ ലാഭം മാത്രം മുന്‍നിര്‍ത്തിയാണ് ഗെയില്‍ പ്രകൃതിവാതക പൈപ്പ് ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോവുന്നതെന്നു വ്യക്തം. റോഡു വഴിയുള്ള വാതകക്കടത്തിനെക്കാള്‍ പ്രതിവര്‍ഷം 8000 കോടിയുടെ ലാഭമാണ് പൈപ്പ്‌ലൈന്‍ ഗെയിലിനു നല്‍കുക.

(നാളെ: പ്രകൃതിവാതകത്തിലേക്കു മാറ്റിയാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താവും)
Next Story

RELATED STORIES

Share it