170 ജിഗാവാട്‌സ് ഊര്‍ജപ്ലാന്റും 5 കോടി പാര്‍പ്പിടങ്ങളും നിര്‍മിക്കാന്‍ പദ്ധതി

റഷീദ് ഖാസിമി

റിയാദ്: ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംരംഭകര്‍ക്കു മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്ന ഇന്ത്യയില്‍ വ്യത്യസ്ത മേഖലകളില്‍ വിദേശ സംരംഭകര്‍ക്ക് സധൈര്യം മുതല്‍ മുടക്കാമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് സാഹസികമായ കാല്‍വയ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗദി-ഇന്ത്യ സംരംഭക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
170 ജിഗാവാട്‌സ് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് ആരംഭിക്കാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുന്നുണ്ട്. അതുപോലെ 50 ദശലക്ഷം പാര്‍പ്പിടങ്ങളും ഇന്ത്യയുടെ ഭാവി പദ്ധതിയാണ്. പ്രസ്തുതമേഖലകള്‍ക്കൊപ്പം റെയില്‍വേ, ഭക്ഷ്യോല്‍പാദനം, ഇന്‍ഷുറന്‍സ് മേഖലയിലും നിക്ഷേപത്തിന് മികച്ച അവസരമുണ്ടെന്ന് മോദി വ്യക്തമാക്കി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായി സാമ്പത്തിക മേഖലയില്‍ വിവിധ നയങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി മികച്ച അവസരവും സൗകര്യവും കേന്ദ്രസര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താന്‍ അധികാരമേറ്റശേഷം വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഇന്ത്യയില്‍ മികച്ച സാധ്യതകളുള്ള ആരോഗ്യമേഖലയിലേക്ക് പശ്ചിമേഷ്യയില്‍ നിന്നു കൂടുതല്‍ നിക്ഷേപം ആര്‍ജിക്കുന്നതിന് ശ്രമിച്ചുവരികയാണ്. ആരോഗ്യമേഖലയ്‌ക്കൊപ്പം ഖനനം, ഗതാഗതം, പാര്‍പ്പിടനിര്‍മാണം, വിവരസാങ്കേതിക മേഖല, ഭക്ഷ്യോല്‍പാദനം, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ചു മുന്നേറാന്‍ സാധിക്കുമെന്നും വൈദഗ്ധ്യവും മികച്ച പരിശീലനവും സിദ്ധിച്ച തൊഴിലാളികളെ ഇന്ത്യക്കു നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ മേഖലയില്‍ സാങ്കേതിക വിദ്യയുടെ അഭാവം ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതല്‍ എണ്ണയും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ മേഖലയില്‍ സൗദി സംരംഭകര്‍ക്ക് കടന്നുവരാമെന്ന് മോദി അറിയിച്ചു.
Next Story

RELATED STORIES

Share it