|    Oct 18 Thu, 2018 8:18 am
FLASH NEWS

17 കോടിയുടെ ഹഷീഷ് കടത്ത് : ഒന്നാംപ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും

Published : 11th September 2017 | Posted By: fsq

 

ഇടുക്കി: കട്ടപ്പനയില്‍ 17 കോടിയുടെ ഹഷീഷ് കടത്തുകേസിലെ ഒന്നാംപ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നാം പ്രതിയായ നെടുങ്കണ്ടം പാറത്തോട് ഉറുമ്പില്‍ അബിന്‍ ദിവാകരന്‍ (36), സംഘാംഗമായ പാറത്തോട് കമ്പിളികണ്ടം സ്വദേശി ബിജു എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പോലിസിന്റെ ആവശ്യം. അതേസമയം, ഹഷീഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ 20 പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാനത്തു നിന്നുള്ളവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹഷീഷ് ഇടപാടുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു കിലോ ഹഷീഷ് ഓയില്‍ വില്‍പ്പന നടത്തിയതു സംബന്ധിച്ച വിവരങ്ങളും പോലിസിനു ലഭിച്ചു. ഇടുക്കി ജില്ലക്കാരനായ ഒരാള്‍ ഇടനിലക്കാരനായാണു സിനിമാ മേഖലയിലുള്ളവര്‍ക്ക് വിറ്റതെന്നാണ് വിവരം. കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്റെ മേല്‍നോട്ടത്തില്‍ സിഐ വി എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പോലിസ് കസ്റ്റഡിയിലായിരുന്ന നെടുങ്കണ്ടം രാമക്കല്‍മേട് പതാലില്‍ അഡ്വ. ബിജു (37), ശാന്തന്‍പാറ പന്തനാല്‍ ഷിനോ (39) എന്നിവരെ മുട്ടം എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍ ഹഷീഷ് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായി ജയിലില്‍ കഴിയുകയാണ് ബിജു. അബിനെ 14നും ബിജുവിനെ 18നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹഷീഷ് ഇടപാടുമായി നേരിട്ട് ബന്ധമുള്ള ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെ സംബന്ധിച്ചു വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, ഒന്നാം പ്രതി അബിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ സംഭവത്തില്‍ അപ്രസക്തമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഗൗരവത്തോടെ കണ്ടില്ലെന്നും ലൂപ്പുകളിട്ടാണ് വകുപ്പുകള്‍ രേഖപ്പെടുത്തിയതെന്നും പറയുന്നു. ഇത് പോലിസിനുള്ളില്‍ തന്നെ ആക്ഷേപത്തിനിടയാക്കിയതോടെ ഇതുസംബന്ധിച്ച വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അബിന്റെ ബന്ധുവായ ഒരു പോലിസുകാരനാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്നാണ് പോലിസില്‍ തന്നെയുള്ള ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss