ernakulam local

17 പേര്‍ വോട്ട് രേഖപ്പെടുത്തിയ രാമന്‍തുരുത്തില്‍ 90 ശതമാനം പോളിങ്

കൊച്ചി: 17 പേര്‍ വോട്ട് രേഖപ്പെടുത്തിയ രാമന്‍തുരുത്തില്‍ 90 ശതമാനം പോളിങ്.
കേരളത്തിലെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള രാമന്‍തുരുത്തിലെ 19 വോട്ടര്‍മാരില്‍ രണ്ടുവോട്ട് മാത്രമാണ് പോള്‍ ചെയ്യപ്പെടാതിരുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജെറി, വിവാഹിതയായ സഹോദരി ജെഫി എന്നിവര്‍ വോട്ട് ചെയ്തില്ല.
തുരുത്തിലെ അഞ്ച് വീടുകളിലുള്ള മറ്റെല്ലാ വോട്ടര്‍മാരും ഉച്ചയ്ക്ക് 2.30നുള്ളില്‍ വോട്ട് രേഖപ്പെടുത്തി.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ തെക്കു കിഴക്കുഭാഗത്തെ ഒറ്റപ്പെട്ട പ്രദേശമായ രാമന്‍തുരുത്തിലെ 19 വോട്ടര്‍മാര്‍ക്ക് വേണ്ടി താല്‍ക്കാലിക ഷെഡ്ഡാണ് പോളിങ് ബൂത്തായി പ്രവര്‍ത്തിച്ചത്.
പോളിങ് ഓഫിസറായ ചേന്ദമംഗലം പാലിയം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക മെറ്റിയും ബാബു, ഷെറിന്‍ എന്നീ സഹ ഓഫിസര്‍മാരും രാവിലെ ഏഴിന് തന്നെ ബൂത്തിലെത്തി. സ്ഥലത്തെ പൊതുപ്രവര്‍ത്തകനായ നിക്‌സന്‍ വില്‍ഫ്രഡ് വോട്ട് ചെയ്തതിന് പിന്നാലെ ഇടവേളകളില്‍ ഓരോരുത്തരായി പോളിങ്ബൂത്തിലെത്തി. ജോലിത്തിരക്കുകള്‍ അവസാനിച്ച് അഞ്ചു വീടുകളില്‍ നിന്നും വീട്ടമ്മമാര്‍ എത്തി വോട്ട് ചെയ്തതോടെ രണ്ടര മണിക്കുള്ളില്‍ പോളിങ് പൂര്‍ത്തിയായി. സുമേഷ് ആയിരുന്നു അവസാന വോട്ടര്‍.
എന്നാല്‍ തിരഞ്ഞെടുപ്പ് നടപടിക്രമം പാലിച്ച് വൈകീട്ട് ആറു വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും കാത്തിരിക്കേണ്ടിവന്നു. കൊച്ചി നിയമസഭാ മണ്ഡലത്തിലെ രണ്ടാം നമ്പര്‍ ബൂത്താണ് രാമന്‍തുരുത്തിലേത്.
ഒന്നാം നമ്പര്‍ ബൂത്തായ ഫോര്‍ട്ട് വൈപ്പിനിലെ ഔവര്‍ ലേഡി ഓഫ് ഹോപ്പ് സ്‌കൂളില്‍ 509 വോട്ടര്‍മാരാണുള്ളത്.
Next Story

RELATED STORIES

Share it