Alappuzha local

17 പേര്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 17 ആയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള മുന്നാംദിവസമായ ഇന്നലെ ജില്ലയില്‍ മൂന്നുപേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ഡോ. ടി എം തോമസ് ഐസക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാകോടതിക്ക് സമീപമുള്ള എംഎല്‍എ ഓഫിസ് എന്ന വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തോമസ് ഐസക്കിന്റെ കൈവശം അയ്യായിരം രൂപയുണ്ട്.സ്വന്തമായി വീടോ സ്ഥലമോ മറ്റു വസ്തുവകകളോ രേഖപ്പെടുത്തിയിട്ടില്ല.
കണിച്ചുകുളങ്ങര കോട്ടപ്പുറത്ത് വെളിയില്‍ കെ എ വിനോദ് എസ്‌യുസിഐ (സി) സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കി. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ എസ്‌യുസിഐ (സി) സ്ഥാനാര്‍ഥിയായി ചേപ്പാട് മുതുകുളം വടക്ക് മൂസാരിശേരിയില്‍ എ മുഹമ്മദ് കുഞ്ഞ് പത്രിക സമര്‍പ്പിച്ചു.
ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 17 ആയി. ആദ്യ ദിനത്തില്‍ രണ്ടു പേരും രണ്ടാം ദിനമായ തിങ്കളാഴ്ച 12 പേരും പത്രിക സമര്‍പ്പിക്കുകയുണ്ടായി. അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ ആരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ വരണാധികാരിയായ ആര്‍ഡിഒയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അവധിയിലായതിനാല്‍ ഇന്ന് ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ നാമനിര്‍ദേശപത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. ഉപവരണാധികാരിയായ ചെങ്ങന്നൂര്‍ ബിഡിഒ പി ജി പ്രസന്നകുമാരി (9446415651) പുലിയൂരിലുള്ള ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പത്രിക സ്വീകരിക്കും.
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it