|    Jan 17 Tue, 2017 6:41 pm
FLASH NEWS

17ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി: കൂടംകുളം ആണവനിലയം പ്രധാന ചര്‍ച്ച

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗോവയില്‍ ശനിയാഴ്ച നടക്കുന്ന 17ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയം പ്രധാന ചര്‍ച്ചയാവും. ഇതിന്റെ മൂന്നാംഘട്ടത്തിന്റെ കരാറും ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കും. കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂനിറ്റുകളുമായി ബന്ധപ്പെട്ട കരാറാണ് ഒപ്പുവയ്ക്കുക. ഗോവയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് അനുബന്ധമായാണ് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി നടക്കുന്നത്. കൂടംകുളത്തിന്റെ ആദ്യരണ്ടു യൂനിറ്റുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുന്നും നാലും യൂനിറ്റുകളുടെ ചില പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്.
ശനിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. മൂന്നാംഘട്ടത്തിന്റെ കരാര്‍ ഒപ്പുവയ്ക്കാന്‍ നേരത്തേതന്നെ ഇരുരാജ്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. അതിനു പുറമെയായിരിക്കും ബാക്കിയുള്ള കരാറുകളും ഒപ്പുവയ്ക്കുന്നത്. പൊതു ചട്ടക്കൂട് കരാറിന് പുറമെ ക്രഡിറ്റ് പ്രോട്ടോകോള്‍ സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും. അഞ്ച്, ആറു യൂനിറ്റുകളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവയ്ക്കാനായാല്‍ റഷ്യന്‍ ആണവ റിയാക്ടറുകള്‍ക്ക് ആണവ ഉത്തരവാദിത്ത വ്യവസ്ഥ ഏര്‍പ്പെടുത്തിയ ശേഷം റഷ്യയുമായി ഒപ്പുവയ്ക്കുന്ന ആദ്യ കരാറായിരിക്കും ഇത്. അഞ്ച്, ആറ് യൂനിറ്റുകള്‍ മുന്‍ യൂനിറ്റുകളെക്കാള്‍ ചെലവ് കുറഞ്ഞതാവുമെന്നാണ് കരുതുന്നത്.
അതോടൊപ്പം പാകിസ്താനുമായുള്ള റഷ്യയുടെ സൈനികസഹകരണങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിക്കും. പാകിസ്താന് ആയുധങ്ങള്‍ നല്‍കില്ലെന്ന റഷ്യയുടെ വാഗ്ദാനവും ഇന്ത്യ ഓര്‍മിപ്പിക്കും. റഷ്യയും പാകിസ്താനുമായുള്ള സൈനിക സഹകരണം സംബന്ധിച്ചു തങ്ങളുടെ നിലപാട് ഇന്ത്യ അറിയിച്ചതായി റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി പങ്കജ് സരണ്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ നോവോസ്തിയക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്നത് നയമാക്കിയ രാജ്യവുമായി സൈനികസഹകരണമുണ്ടാക്കുന്നതു ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സരണ്‍ പറയുന്നു.
ഉച്ചകോടിയുടെ ഭാഗമായി നാളെ ഇന്ത്യയിലെത്തുന്ന പുടിന്‍ 17 വരെ ഇവിടെയുണ്ടാവും. ഉച്ചകോടിക്കു ശേഷം ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവന നടത്തും. ഇന്ത്യ- റഷ്യ നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ ആഘോഷപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക