17കാരനായ അവന്‍ എന്തു ഭീകര ഗൂഢാലോചനയിലാണ് പങ്കെടുത്തത് ?

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: വെറും 17 വയസ്സേ അവന് ആയിട്ടുള്ളൂ. എന്തു ഭീകരപ്രവര്‍ത്തനത്തിലാണ് അവന്‍ പങ്കാളിയായത്. വളരെ അപൂര്‍വമായി മാത്രമേ ഷാമിലി ജില്ല വിട്ട് പുറത്തുപോവാറുള്ളൂ. അങ്ങനെയുള്ള അവന്‍ എന്തു രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ് ഗൂഢാലോചന നടത്തിയത്- രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് വ്യാഴാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത അബ്ദുര്‍റഹ്മാന്റെ പിതാവ് റഈസ് അഹമ്മദിന്റേതാണ് ഈ വാക്കുകള്‍. ഷാമിലി ജില്ലയിലെ ജിന്‍ജാനയിലുള്ള വീട്ടില്‍ നിന്നാണ് എടിഎസ് അബ്ദുര്‍റഹ്മാനെ അറസ്റ്റ് ചെയ്തത്. റഹ്മാന് 17 വയസ്സാണെന്ന് ആധാര്‍ കാര്‍ഡ് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. എന്നാല്‍, അവന് 20 വയസ്സു കഴിഞ്ഞിട്ടുണ്ടെന്നാണ് എടിഎസിന്റെ നിലപാട്. ആധാര്‍രേഖ പ്രകാരം 2000 ജനുവരി 1ന് ജനിച്ച അബ്ദുറഹ്മാന് 20 വയസ്സ് പിന്നിട്ടുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഭീകരവിരുദ്ധ പോലിസ്. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി വീടിനടുത്തുള്ള പള്ളിയില്‍ പോയ അബ്ദുര്‍റഹ്മാനെ ആറുമണിയോടെയാണ് അവിടെ നിന്നു പ്രാദേശിക പോലിസിന്റെ സഹായത്തോടെ പിടികൂടിയത്. വീട്ടില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പരിശോധന നടത്തിയ പോലിസ് ഏതാനും ഉര്‍ദു പുസ്തകങ്ങളും വീട്ടിലുണ്ടായിരുന്ന എല്ലാ മൊബൈല്‍ ഫോണുകളും കൊണ്ടുപോയെന്ന് പിതാവ് പറഞ്ഞു. അതേസമയം, ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഒരാള്‍ക്കെതിരേയും ഇതുവരെ പെറ്റി കേസ് പോലും ഇല്ലെന്ന് ഉത്തര്‍പ്രദേശ് ക്രമസമാധാന ചുമതലയുള്ള എഡിജി ദല്‍ജീത് സിങ് വ്യക്തമാക്കി. രാജ്യത്ത് ഭീകരാക്രമണം നടത്തുന്നതിനായി ഒരു പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അറസ്റ്റിലായവരെന്നാണ് പോലിസിന്റെ വാദം. ദേശീയോദ്ഗ്രഥനത്തിനും സാമൂഹിക മൈത്രിക്കും അപകടം വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേ പോലിസിന്റെ പ്രധാന ആരോപണം. ഇവര്‍ക്ക് രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമൊന്നുമില്ല. സ്വന്തമായി ഒരു സംഘടനയുണ്ടാക്കി അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് യുപി പോലിസ്  വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. അറസ്റ്റിലായവരില്‍ നിന്ന് കുറ്റം ചുമത്താവുന്ന എന്തെങ്കിലും വസ്തുക്കളോ രേഖകളോ ആയുധങ്ങളോ പിടിച്ചെടുത്തിട്ടില്ലെന്നും ദല്‍ജീത് സിങ് വ്യക്തമാക്കുന്നു. സുരക്ഷാ ഏജന്‍സികള്‍ ദീര്‍ഘകാലമായി ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും യുവാക്കള്‍ തീവ്ര ആശയങ്ങളിലേക്ക് സ്വയം പ്രചോദിതരായതാണെന്നുമാണ് എഡിജി നല്‍കുന്ന വിശദീകരണം. ഐപിസി 120ബി (ക്രിമിനല്‍ ഗൂഢാലോചന), 121എ, 122,1 23, 153ബി, യുഎപിഎ നിയമത്തിലെ 18 എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് അറസ്റ്റ്. നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ആറുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it