World

16 വയസ്സില്‍ താഴെയുള്ളവര്‍ പള്ളിയില്‍ പോവുന്നതിനു ചൈനയില്‍ നിരോധനം

ലിന്‍ക്‌സിയ: ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരേ നടപടികള്‍ കടുപ്പിച്ചു തുടങ്ങി. ചൈനയിലെ കുഞ്ഞു മക്ക എന്ന് അറിയപ്പെടുന്ന ലിന്‍ക്‌സിയയിലാണു  ഹുയി  മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.
പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങില്‍ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്കു തുല്യമായ മനുഷ്യാവകാശ ലംഘനമാണു ലിന്‍ക്‌സിയയിലും നടക്കുന്നതെന്നു പള്ളി ഇമാമായ ഫ്രാന്‍ക്‌ലി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 16 വയസ്സില്‍ താഴെയുള്ളവര്‍ പള്ളിയില്‍ പോവരുതെന്ന കടുത്ത നിയമമാണു ലിന്‍ക്‌സിയയില്‍ പുതുതായി ഏര്‍പ്പെടുത്തിയത്. സര്‍ക്കാറിന്റെ ലൈസന്‍സുള്ള ഇമാമുമാരെ മാത്രമാണു ചൈനയിലെ പള്ളികളില്‍ നിയമിക്കാന്‍ അനുവാദം. എന്നാല്‍ പുതുതായി ഒരു ഇമാ—മിനും ലൈസന്‍സ് നല്‍കേണ്ടെന്നും കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചു.
എല്ലാ പള്ളികളിലും ചൈനീസ് ദേശീയപതാക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഭരണകൂടം ബാങ്ക് വിളിക്കുന്നതിന്റെ ശബ്ദം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വൈഗൂര്‍ മുസ്്‌ലിംകളുടെ 355 പള്ളികളില്‍ നിന്നും സ്പീക്കറുകള്‍ എടുത്തുമാറ്റിയിരുന്നു. 16 വയസ്സില്‍ താഴെയുള്ളവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും താടിവളര്‍ത്തുന്നതു പോലും നിരോധിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് മേധാവികള്‍ പള്ളികളില്‍ മതപഠനം നടത്തുന്നവരുടെ എണ്ണം 16 ആയി കുറയ്ക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. 1000ത്തോളം വിദ്യാര്‍ഥികളാണ് അവധിദിനങ്ങളില്‍ പള്ളികളില്‍ പോയി മതപഠനം നടത്തുന്നത്. പുതിയ നിര്‍ദേശം കാരണം ഇവരുടെയെല്ലാം പഠനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഇമാം ഫ്രാന്‍ക്്‌ലി പറഞ്ഞു.
രാജ്യത്തു നിന്ന് ഇസ്‌ലാമിനെ  ഇല്ലാതാക്കാനുള്ള നീക്കമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്നതെന്ന് 45കാരനായ മആ ലാന്‍ ആശങ്ക പ്രകടിപ്പിച്ചു. ഒന്നോ, രണ്ടോ തലമുറകള്‍ കഴിഞ്ഞാല്‍ ചൈനയില്‍ മുസ്്‌ലിംകള്‍ ഇല്ലാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മതപഠനം നിരോധിച്ച് ഉത്തരവ് ഇറങ്ങിയപ്പോള്‍ അത് മറികടക്കുന്നതിന് പ്രഭാതനമസ്‌കാരത്തിനു മുമ്പ് രഹസ്യമായി മതപഠന ക്ലാസ് നടത്തിയെങ്കിലും കര്‍ശന നിരിക്ഷണം കാരണം അതും ഉപേക്ഷിച്ചിട്ടുണ്ട്. 2012ലെ സെന്‍സസ് പ്രകാരം 10 ദശലക്ഷം മുസ്്‌ലിംകളാണ് ലിന്‍ക്‌സിയ മേഖലയിലുള്ളത്. ചൈനയിലെ മുസ്്‌ലിം ജനസംഖ്യയുടെ പകുതിയോളം വരും ഇത്. മതപഠനവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിച്ച് ചൈനീസ് ഭരണകൂടം നടത്തുന്ന നീക്കങ്ങളില്‍ രാജ്യത്തെ മുസ്‌ലിംകള്‍ ആശങ്കാകുലരാണ്.
Next Story

RELATED STORIES

Share it