16 വയസ്സായവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ ശുപാര്‍ശ; ഗതാഗത മന്ത്രിമാരുടെ സമിതിയുടെ അഭിപ്രായം

16 വയസ്സായവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ ശുപാര്‍ശ; ഗതാഗത മന്ത്രിമാരുടെ സമിതിയുടെ അഭിപ്രായം
X
kochi-pvt-bus-strike

ന്യൂഡല്‍ഹി: 16 വയസ്സുള്ളവര്‍ക്കും സ്‌കൂട്ടര്‍ ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമഭേദഗതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപീകരിച്ച മന്ത്രിമാരുടെ സമിതി മുന്നോട്ടുവച്ചു. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ രാജ്യത്തെ ഗതാഗതവകുപ്പ് മന്ത്രിമാരുടെ മൂന്നാമതു സമ്മേളനത്തിലാണു സമിതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
വിദ്യാര്‍ഥികള്‍ക്കു യാത്രാസൗകര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു നടപടി. 100 സിസിക്ക് താഴെയുള്ള ഗിയറില്ലാത്ത സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നതാണു ശുപാര്‍ശ. ലേണേഴ്‌സ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കാനും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കൂട്ടാനും മന്ത്രിമാരുടെ സമിതി ശുപാര്‍ശചെയ്തു. റോഡ് സുരക്ഷയെക്കുറിച്ചു പഠിക്കുന്ന മന്ത്രിമാരുടെ സമിതി 34 പുതിയ നിര്‍ദേശങ്ങളാണു മുന്നോട്ടുവച്ചിരിക്കുന്നത്. ലൈസന്‍സിന്റെ ഇപ്പോഴത്തെ കാലാവധി വര്‍ധിപ്പിക്കണം. ലേണേഴ്‌സ് ലൈസന്‍സ് നേരിട്ട് പോവാതെ ഓണ്‍ലൈന്‍ വഴി നല്‍കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും യൂനിഫോം നിര്‍ബന്ധമാക്കേണ്ടതില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ശുപാര്‍ശയിലുണ്ട്. ഡ്രൈവിങ് ലൈസന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതു കംപ്യൂട്ടര്‍ സംവിധാനം വഴിയാക്കും. ട്രാഫിക് നിയമലംഘനത്തിന് ഇപ്പോഴുള്ള പിഴ വര്‍ധിപ്പിക്കണം. നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തിയാല്‍ ഇരട്ടി പിഴ ഈടാക്കണം. എല്ലാ വാഹനങ്ങളെയും മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം. ടാക്‌സി പെര്‍മിറ്റ് നല്‍കാനുള്ള ചട്ടങ്ങള്‍ ഉദാരമാക്കണം. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സംയോജിത ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കണം. ദേശീയപാത നിരീക്ഷണത്തിന് എല്ലാ സംസ്ഥാനങ്ങളും ഹൈവേ പോലിസുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും കേരളമുള്‍പ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാരുള്‍പ്പെട്ട സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് സംസാരിച്ച കേരള ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി ഗതാഗതരംഗത്ത് അതുണ്ടാക്കുന്ന പ്രശ്‌നങ്ങളിലേക്കു യോഗത്തില്‍ പങ്കെടുത്ത മറ്റു മന്ത്രിമാരുടെ ശ്രദ്ധക്ഷണിച്ചു. റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ സ്വീകരിച്ച ഫലപ്രദമായ വിവിധ പദ്ധതികളെക്കുറിച്ചു യോഗത്തില്‍ വിശദീകരിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്റ്റ് കേരള നിയമസഭ പാസാക്കിയതും ആയതിന്റെ നടത്തിപ്പു സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍, ഡ്രൈവിങ് പരിശീലിക്കുന്നവര്‍ എന്നിവര്‍ക്കുള്ള ബോധവല്‍കരണവും പരിശീലനവും എന്നിവ സംബന്ധിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ നടപ്പാക്കി വരുന്ന സര്‍വൈലന്‍സ് കാമറകള്‍, ആല്‍ക്ക മീറ്ററുകള്‍, ബ്രീത്ത് അനലൈസര്‍, ട്രോമാ കെയര്‍ യൂനിറ്റുകള്‍, ഡിജിറ്റല്‍ സൈനേജ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത മറ്റു മന്ത്രിമാരുമായി പങ്കുവച്ചു. യോഗത്തില്‍ 22 സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it