16 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് 16 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ കരിപ്പൂരിലെത്തിയ വടകര കണ്ണൂക്കര ഷഹബാസ്(25) എന്ന യാത്രക്കാരനില്‍ നിന്നാണ് 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിന്റെ ബീഡിങിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ അധികൃതര്‍ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

തുടര്‍ച്ചയായ മുന്നാം ദിവസമാണ് കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്തു പിടികൂടുന്നത്. വെള്ളിയാഴ്ച എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നര കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജ വഴി കരിപ്പൂരിലെത്തിയ മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ എലിയം പിലാക്കല്‍ മുഹമ്മദ് അന്‍വര്‍ സാദത്ത്(35)ആണ് സ്വര്‍ണവുമായി പിടിയിലായത്. കസ്റ്റംസ് ഹാളില്‍ ഇയാളുടെ ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്നു പരിശോധിക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സിയുടെ ബാറ്ററികള്‍ നീക്കം ചെയ്ത് സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു.

500 ഗ്രാം വീതം തൂക്കമുളള 7 സ്വര്‍ണക്കട്ടികളാണു കണ്ടെടുത്തത്.   പിടിയിലായ അന്‍വര്‍ സാദത്ത് സ്വര്‍ണക്കടത്ത് കരിയറാണെന്നു സംശയിക്കുന്നു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പി ടി രജിത്, മോഹന്‍ കുമാര്‍, സി കെ ആന്റണി, അജയ് റായ്, അഭിജിത് ഗുപ്ത എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു കടത്തിയ 1.24 കോടിയുടെ 4.77 കിലോഗ്രാം സ്വര്‍ണം കല്‍പ്പറ്റയില്‍വച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം അരയില്‍കെട്ടി ബസ്സില്‍ മൈസൂരിലേക്ക് കൊണ്ടുപോവുന്നതിനിടെയാണു പിടികൂടിയത്.
Next Story

RELATED STORIES

Share it