16 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊച്ചി: ഈ മാസം 16 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണു തീരുമാനം.വിദ്യാര്‍ഥികളുടേതടക്കം ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണു സമരം നടത്തുന്നതെന്ന് കേരള ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു. കഴിഞ്ഞമാസം 30ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു നേരത്തെ  പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. എന്നാല്‍ ഈ യോഗത്തിനു ശേഷം രണ്ടു തവണ മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണു 16 മുതല്‍ സമരം നടത്താന്‍ നിര്‍ബന്ധിതമായതെന്നും ലോറന്‍സ് ബാബു പറഞ്ഞു. വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ലോറന്‍സ് ബാബു പറഞ്ഞു.മിനിമം ചാര്‍ജ് 10 രൂപയായും വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും വര്‍ധിപ്പിക്കണമെന്നുമാണ് ബസ്സുടമകളുടെ ആവശ്യം. സ്വാശ്രയ വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്‍സഷനില്‍ നിന്ന് ഒഴിവാക്കണമെന്നും ബസ്സുകളുടെ കാലാവധി 20 വര്‍ഷമായി ഉയര്‍ത്തണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ 15 വര്‍ഷമാണ് ബസ്സുകളുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it