16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്: ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷതള്ളി

കൊച്ചി: കണ്ണൂര്‍ കൊട്ടിയൂരില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 40 ദിവസത്തിനുള്ളില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തണമെന്നും ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതു രണ്ടാം തവണയാണ് റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
2017 ഫെബ്രുവരി മുതല്‍ താന്‍ ജയിലിലാണെന്നും വിചാരണയുമായി ബന്ധപ്പെട്ട നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഈ പശ്ചാത്തലത്തില്‍ കര്‍ശനമായ ഉപാധികള്‍ വച്ചെങ്കിലും ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാളെ പിടികൂടുന്നത്. പുറത്തിറങ്ങിയാല്‍ ഒളിവില്‍ പോവാന്‍ സാധ്യതയുണ്ട്. സ്വന്തം കുറ്റം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരേ വരെ ആരോപണം ഉന്നയിച്ചയാളാണ് പ്രതി. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം കുറ്റകൃത്യത്തിലെ പ്രതിയുടെ പങ്ക് ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
Next Story

RELATED STORIES

Share it