Kottayam Local

156 ഭവനരഹിതരുടെ പട്ടികയ്ക്കുകൂടി അംഗീകാരം



കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ 156 പേരടങ്ങിയ രണ്ടാംഘട്ട വിശദമായ പദ്ധതി റിപോര്‍ട്ടിനു സംസ്ഥാനതല അപ്രൈസല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭാ സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. ആദ്യഘട്ടം 335 ഭവനരഹിതരുടെ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലയിലാകെ നടത്തിയ സര്‍വേ പ്രകാരം 375ഓളം ഭവനരഹിതര്‍കൂടി അവശേഷിക്കുന്നുണ്ട്. ഇവരെല്ലാവരും ആവശ്യമായ രേഖകള്‍ ഈ മാസം ഒമ്പതിനകം നഗരസഭയില്‍ സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ അവസാന അവസരവും നഷ്ടമായി ഇവര്‍ പദ്ധതിയില്‍ നിന്ന് പുറത്തുപോവും. അതുകൊണ്ട് കൗണ്‍സിലര്‍മാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനരഹിതരായ 89 ഗുണഭോക്താക്കളുടെ പട്ടികയാണ് ആദ്യഘട്ടം തയ്യാറാക്കിയത്. രണ്ടാംഘട്ടത്തില്‍ കലക്ടര്‍ക്കു നല്‍കിയ അപ്പീല്‍ പരാതിയിന്‍മേല്‍ 64ഓളം ഭവനരഹിതരെയും കൂടി ഉള്‍പ്പെടുത്തി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെ പിഎംഎവൈ പദ്ധയില്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പിഎംഎവൈ-ലൈഫ് പദ്ധതികളില്‍ അപേക്ഷ നല്‍കിയവര്‍ അടിയന്തരമായി ഉടമ്പടി ഒപ്പുവച്ച് വീടിനായി പെര്‍മിറ്റെടുക്കണം.സ്വന്തം പേരില്‍ സ്ഥലമില്ലാത്തവര്‍ കുടുംബസ്വത്തില്‍ നിന്ന് ഉടന്‍ സ്ഥലം ലഭിക്കുമെന്ന സത്യവാങ്മൂലം നല്‍കിയാല്‍ മതി. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 335 പേരില്‍ 147 ഗുണഭോക്താക്കള്‍ മാത്രമാണ് ഉടമ്പടി ഒപ്പുവച്ചത്. ബാക്കിയുള്ളവര്‍ നവംബര്‍ ഒമ്പതിന് മുമ്പുതന്നെ ഉടമ്പടി വയ്ക്കണം. ഇതിനുശേഷം നവംബര്‍ 15 ഓടുകൂടി അന്തിമ ഡിപിആര്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. രേഖകള്‍ പരിശോധിക്കുന്നതിന് മൂന്ന് മേഖലകളായി തിരിച്ച് അദാലത്ത് നടത്തുന്ന കാര്യവും പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it