15,500 കോടി കടം; പാപ്പരായി പ്രഖ്യാപിക്കണം- എയര്‍സെല്‍

ന്യൂഡല്‍ഹി: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എയര്‍സെല്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ മുംബൈ ശാഖയെ സമീപിച്ചു. 15,500 കോടി കടമുള്ള കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
വന്‍ കടബാധ്യതയെ തുടര്‍ന്ന് എയര്‍സെല്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കടം വാങ്ങിയ ബാങ്കുകളുമായി ധാരണയിലെത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ ലയിക്കാനും ശ്രമം നടന്നു. എല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് രക്ഷിക്കണമെന്ന് എയര്‍സെല്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.
മലേസ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെലിന്റെ മാതൃകമ്പനി. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കി എയര്‍സെല്ലിനെ മുന്നോട്ടുകൊണ്ടുപോവാന്‍ മാക്‌സിസിന് താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് എയര്‍സെല്‍ വന്‍ പ്രതിസന്ധിയിലായത്. നിലവിലെ വരിക്കാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ പോലും എയര്‍സെല്ലിന് സാധിക്കുന്നില്ല.
മുന്നറിയിപ്പില്ലാതെ എയര്‍സെല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടതും കഴിഞ്ഞ ആഴ്ചയാണ്. ക്ഷുഭിതരായ ഉപഭോക്താക്കള്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ വിവിധ ഓഫിസുകളിലെത്തി ബഹളമുണ്ടാക്കി. മൊബൈല്‍ ടവറുകളുടെ സാങ്കേതിക ജോലികള്‍ക്കായി കരാര്‍ എടുത്തിട്ടുള്ള കമ്പനിക്ക് എയര്‍സെല്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണു സേവനം തടസ്സപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍. എയര്‍സെല്ലിനു തമിഴ്‌നാട്ടില്‍ ഒന്നരക്കോടി ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it