|    Jun 21 Thu, 2018 2:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

15,000 സ്‌കൂളുകളെ കൂട്ടിയിണക്കി ‘സ്‌കൂള്‍വിക്കി’ നാളെ മുതല്‍

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 1 മുതല്‍ 12 വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐടി@സ്‌കൂള്‍ പ്രോജക്—ട് തയ്യാറാക്കുന്ന ‘സ്‌കൂള്‍വിക്കി’ (www.schoolwiki.in
) നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ സജ്ജമാകും. 2009 കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച സ്‌കൂള്‍വിക്കി രണ്ടു വര്‍ഷത്തിനു ശേഷം നിര്‍ജീവാവസ്ഥയിലായിരുന്നു. ഇതാണ് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ സമഗ്രമായി പരിഷ്‌കരിച്ച് ഐടി@സ്‌കൂള്‍ നടപ്പാക്കുന്നത്.
വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയ സ്‌കൂള്‍വിക്കിയുടെ സവിശേഷത. ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതത് സ്‌കൂളിന്റെ ചരിത്രവും സ്‌കൂള്‍വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്‌സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌കൂള്‍വിക്കിയില്‍ നല്‍കാം. ഇതിന്റെ ഫലമായി എല്ലാ സ്‌കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ലാറ്റ്‌ഫോം ആയ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും.
കുട്ടികള്‍ അവര്‍ തയ്യാറാക്കുന്ന പഠന ഉല്‍പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയില്‍ നിന്നു രൂപംകൊള്ളുന്ന പഠനവിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി സ്‌കൂള്‍പത്രം, നാടോടി വിജ്ഞാനകോശം, എന്റെ നാട് എന്നീ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകള്‍ സ്‌കൂള്‍വിക്കിയില്‍ ചേര്‍ക്കാം. കേരളത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളുടെയും വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാക്കാം.
വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍വിക്കി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ അഡ്മിന്‍, അക്ഷരമാലാ ക്രമത്തില്‍ ലേഖനങ്ങളില്‍ എത്താനുള്ള സംവിധാനം, വിക്കി കോമണ്‍സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം, വിക്കി എഡിറ്റര്‍, സ്‌കൂള്‍ മാപ്പിങ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരച്ചില്‍ എന്നീ സൗകര്യങ്ങളും വിവിധ എക്സ്റ്റന്‍ഷനുകളും സ്‌കൂള്‍വിക്കിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകള്‍ അവരുടെ സ്‌കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അതതു ജില്ലകളുടെ കീഴില്‍ അവര്‍ക്ക് അനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സ്‌കൂള്‍വിക്കി രൂപകല്‍പന ചെയ്തിട്ടുള്ളത്. മികച്ച രീതിയില്‍ സ്‌കൂള്‍വിക്കി പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
സ്‌കൂള്‍വിക്കിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തിരുത്തലുകള്‍ നിരീക്ഷിക്കാനും ആവശ്യമായ പിന്തുണ നല്‍കാനുമായി വിദ്യാഭ്യാസജില്ല തിരിച്ച് അഡ്മിനുകളുടെ സേവനവും ലഭ്യമാക്കാനും സംവിധാനം ഒരുക്കിയതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss