|    Mar 23 Thu, 2017 9:59 pm
FLASH NEWS

15,000 കോടി ഡോളറിന്റെ ആണവ കരാര്‍ വരുന്നു

Published : 25th December 2015 | Posted By: SMR

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക്കുമായി 15,000 കോടി ഡോളറിന്റെ ആണവകരാര്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കും. അടുത്ത വര്‍ഷം ആറ് ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്ന കരാറിന്റെ ചര്‍ച്ച അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലാണ് ആറു റിയാക്ടറുകളും നിര്‍മിക്കുക. 2032 ആകുമ്പോഴേക്കും 63,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്ന ആണവശേഷി കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 60 റിയാക്ടറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ കരാര്‍ വരുന്നത്. നിലവില്‍ 5780 മെഗാവാട്ട് ശേഷിയാണ് ഇന്ത്യക്കുള്ളത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം മൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കുകയും കരാറിന്റെ ലക്ഷ്യമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
ഇടപാട് സാധ്യമാവണമെങ്കില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യുടെ അംഗീകാരം ആവശ്യമാണ്. ആഴ്ചകള്‍ക്കകം അംഗീകാരം കിട്ടുമെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ചര്‍ച്ച സംബന്ധിച്ച് പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം വെസ്റ്റിങ്ഹൗസ് ഇറക്കിയ പ്രസ്താവനയില്‍, റിയാക്ടറുകളില്‍ അപകടം ഉണ്ടായാലുള്ള ബാധ്യതയുടെ കാര്യത്തില്‍ ഇന്ത്യ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ടിരുന്നു. റോയിട്ടേഴ്‌സ് റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ വെസ്റ്റിങ്ഹൗസ് വിസമ്മതിച്ചു. എന്നാല്‍, ഇന്ത്യയുമായി കരാറിലെത്താന്‍ സാധിക്കുമെന്ന് സഹസ്ഥാപനമായ തോഷിബ കോര്‍പറേഷന്റെ വക്താവ് പറഞ്ഞു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കുമായും ആണവകരാറിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതു കൂടാതെ ആന്ധ്രയില്‍ ആറു റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ റഷ്യയുടെ പിന്തുണ ഈയാഴ്ച ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സാങ്കേതിക തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ അരിവയുമായി ഇന്ത്യയില്‍ ആറു റിയാക്ടറുകള്‍ നിര്‍മിക്കുന്ന കരാറില്‍ ഒപ്പുവയ്ക്കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്.
ഗുജറാത്തിലെ മിഥിവിര്‍ധി നിലയവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആണവനിലയത്തിന്റെ ചുമതലയുള്ള ആണവോര്‍ജ കോര്‍പറേഷനും വെസ്റ്റിങ്ഹൗസും തമ്മിലുള്ള ചര്‍ച്ചകള്‍ ഏറക്കുറേ പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചകള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ആണവോര്‍ജ കോര്‍പറേഷന്‍ തയ്യാറായില്ല. അമേരിക്കന്‍-ഫ്രഞ്ച് കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നു മാത്രമാണ് ആണവോര്‍ജമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്.
2008ല്‍ ഇന്ത്യയും അമേരിക്കയും ആണവകരാര്‍ ഒപ്പുവച്ച ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ കമ്പനിയുമായി റിയാക്ടര്‍ നിര്‍മാണധാരണയുണ്ടാക്കുന്നത്. അപകടങ്ങള്‍ സംഭവിച്ചാല്‍ ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്തവരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷന് അവകാശം നല്‍കുന്ന ആണവബാധ്യതാ നിയമം 2010ല്‍ കേന്ദ്രം പാസാക്കിയിരുന്നു.
തുടര്‍ന്ന് വിദേശ കമ്പനികള്‍ ഇന്ത്യയുമായി ആണവകരാറിനു മടികാണിക്കുകയാണെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം ആദ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ മോദി സര്‍ക്കാര്‍ നിയമത്തില്‍ ഇളവു വരുത്തിയിരുന്നു.

(Visited 86 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക