kannur local

150 മാതൃകാ ബൂത്തുകളില്‍ ആരോഗ്യ പരിരക്ഷ

കണ്ണൂര്‍: ജില്ലയിലെ മാതൃകാ പോളിങ് ബൂത്തുകളില്‍ പ്രഥമ ശുശ്രൂഷ പരിചരണം ഏര്‍പ്പെടുത്തുന്നു. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സഹായത്തിന് ആശ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാവും. മാതൃകാ പോളിങ് സ്‌റ്റേഷനുകളായി തിരഞ്ഞെടുത്ത ജില്ലയിലെ 150 ബൂത്തുകളിലാണ് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.
നാഷനല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള 150 ആശ പ്രവര്‍ത്തകരെയാണ് പോളിങ് സ്‌റ്റേഷനികളില്‍ പ്രഥമ ശുശ്രൂഷ നല്‍കാനായി നിയോഗിക്കുന്നത്. വീല്‍ ചെയര്‍, മറ്റ് സഹായ ഉപകരണങ്ങള്‍, ഒആര്‍എസ് ലായനി തുടങ്ങിയ സേവനവും ലഭ്യമാക്കും.
രാജ്യത്ത് ആദ്യമായി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മാതൃകാ പോളിങ് സ്‌റ്റേഷനില്‍ ആശ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു. ഇത് സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എസ് സിദ്ധാര്‍ഥന്‍ പരിശീലനം നല്‍കി. പരിശീലനത്തില്‍ ജില്ലാ ആശ കോ-ഓഡിനേറ്റര്‍ ഇന്‍ ചാര്‍ജ് എ കെ സനോജ്, ജില്ലാ ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യുണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ആഗ്‌നല്‍ ജോസഫ് പങ്കെടുത്തു. തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തുന്ന വോട്ടമാര്‍ക്ക് ശാരീരിക പ്രയാസങ്ങളില്ലാതെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമാണ് മാതൃക പോളിങ് സ്‌റ്റേഷനിലെ പ്രാഥമിക ശുശ്രൂഷ ടീമിനുള്ളത്.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവര്‍ സംയുക്തമായാണ് സേവനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it