|    Oct 26 Wed, 2016 4:54 pm

15 തദ്ദേശഭരണ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇന്ന്

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട്, വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്ക്,  ആലപ്പുഴ പാലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍, കോട്ടയം മാടപ്പളളി ഗ്രാമപ്പഞ്ചായത്തിലെ കണിച്ചുകുളം, മണര്‍കാട് ഗ്രാമപ്പഞ്ചായത്തിലെ പറമ്പുകര, ഇടുക്കി കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്തിലെ മുളംകുന്ന,് എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര, തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിലെ പത്താഴക്കാട്, പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല,  മലപ്പുറം ഊരകം ഗ്രാമപ്പഞ്ചായത്തിലെ ഒകെഎം വാര്‍ഡ്, കോഴിക്കോട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റ്, കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം പീടിക,  കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടു ചെയ്യാന്‍ സമ്മതിദായകന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു തിരഞ്ഞെടുപ്പ്  തിയ്യതിക്ക് ആറു മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.
സമ്മതിദായകരുടെ വിരലില്‍ മഷി അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സമ്മതിദായകരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ രേഖപ്പെടുത്തിയ മഷി ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍.
ഇതനുസരിച്ച് ഇടതു കൈയിലെ നടുവിരലിലായിരിക്കും ഉപതിരഞ്ഞെടുപ്പ് വോട്ടിങ് സമയത്ത് മഷി അടയാളം രേഖപ്പെടുത്തുക. നടുവിരല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മോതിരവിരലിലോ, ചെറുവിരലിലോ, തള്ളവിരലിലോ അടയാളം രേഖപ്പെടുത്തും. ഇടതു കൈയില്ലാത്തവരില്‍ വലതു കൈയിലെ ചൂണ്ടുവിരലിലോ, മേല്‍ ക്രമപ്രകാരമുള്ള ഏതെങ്കിലും മറ്റുവിരലിലോ മഷി അടയാളം രേഖപ്പെടുത്തുന്നതാണ്.
രണ്ട് കൈകളിലും വിരലുകളില്ലായെങ്കില്‍ ഇടതോ വലതോ കൈയുടെ അഗ്രത്ത് വേണം മഷി അടയാളം ഇടേണ്ടത്. എല്ലാ മണണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങും.
ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്, അവര്‍ ആവശ്യപ്പെടുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഓഫിസ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്നു തെളിയിക്കുന്ന രേഖ സഹിതം വേണം ജീവനക്കാര്‍ അപേക്ഷിക്കേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day