|    Jan 24 Tue, 2017 6:39 am

15 മിനിറ്റ് ചിരിക്കൂ, ഒരുദിവസം മുഴുവന്‍ ആഹ്ലാദിക്കൂ

Published : 10th January 2016 | Posted By: SMR

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ദിവസവും രാവിലെ 15 മിനിറ്റ് ചിരിക്കൂ, ഒരു ദിവസം മുഴുവന്‍ ആഹ്ലാദവാനായിരിക്കും. അങ്ങിനെ ഒരു നാള്‍ നീളുന്ന സുഖത്തിന് ചിരിച്ചാല്‍ മതിയെന്നും റാവുജീ ചിരിപാഠശാലയുടെ അധ്യക്ഷന്‍ ബി സുഭാഷ് റാവു. ചിരിയെ ചിരകാല സുഹൃത്താക്കൂ എന്നാണു ലോക ചിരിദിനത്തില്‍ ബി സുഭാഷ് റാവു നല്‍കുന്ന സന്ദേശം. മുംബൈയിലെ ജന്‌ലോക് ആശുപത്രിയിലെ ഡോ. മദന്‍ പത്താരിയ ചിരി ക്ലബ്ബുകള്‍ക്ക് തുടക്കമിട്ട ദിവസമാണ് ജനുവരി 10- ലോക ചിരിദിനം.
ആഹ്ലാദച്ചിരി, നാണംകുണുങ്ങിച്ചിരി, ശബ്ദമില്ലാത്ത വലിയ ചിരി, ചാംപ്യന്‍ ചിരി, വണ്‍മീറ്റര്‍ ചിരി, ഗ്രേഡിങ് ചിരി, ചായച്ചിരി, അനുമോദനച്ചിരി, ആകാശച്ചിരി ഇങ്ങനെ ഒരായിരം ചിരികളുണ്ട്. ചിരി ഒരു മരുന്നാണ്. അത് മുടങ്ങാതെ കഴിക്കണമെന്നു മാത്രം. ഒറ്റയ്ക്കും സംഘംചേര്‍ന്നും ചിരിവ്യായാമം പരിശീലിക്കാം- റാവുജി തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍ട്ട് റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തെ പറമ്പില്‍ റാവുജി ഒരുസംഘം കച്ചവടക്കാരുമായി ചേര്‍ന്നാണ് ചിരിക്കാന്‍ തുടങ്ങിയത്. വെറുതെ ചിരിക്കുക ഭ്രാന്തന്‍മാരാണെന്നും ഒറ്റയ്ക്കു ചിരിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണെന്നുമൊക്കെ കമന്റും വന്നു.
അന്നത്തെ ആ ചിരിക്കൂട്ടം ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന റാവുജി ചിരി ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനമായി മാറി. അവരുടെ കീഴിലാണ് ചിരി പാഠശാല പ്രവര്‍ത്തിക്കുന്നത്.
ചിരിമന്ത്രത്തിലൂടെ ജീവിതശൈലി അനായാസകരവും ആഘോഷവുമാക്കിമാറ്റാം. ഇതൊരു ശ്വസനവ്യായാമംകൂടിയാണ്. ലാഫ് പ്രാണ, ലാഫ് യോഗ എന്നിങ്ങനെ ബ്രീത്തിങ് വ്യായാമങ്ങളുമുണ്ട്. ചിരിക്കുക, ദിവസേന ചിരിക്കുക, ആരോഗ്യമുള്ള മനസ്സിന്റെ ഉടമകളാവാന്‍ ചിരിക്കുക ഇതാണു സംഘത്തിന്റെ മുദ്രാവാക്യം.
ചിരികൊണ്ട് ഏറ്റവും ഗുണം കിട്ടുന്നത് ശ്വാസകോശത്തിനാണെന്നാണ് വാച്ച് ഡോക്ടര്‍ കൂടിയായ റാവുവിന്റെ പക്ഷം. ചിരി കൂടുമ്പോള്‍ ഡയഫ്രത്തിന്റെ പേശികള്‍ ചലിക്കും, അത് പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ചലനത്തിനും ഗുണമാവും. ശത്രുവിനെ മിത്രമാക്കാനുള്ള ഏക മന്ത്രജാലവുമാണ് ചിരി. ചിരിച്ച് മണ്ണുകപ്പുക, ചിരിച്ച് ചിരിച്ച് മരിച്ചുപോയി മനുഷ്യന്‍ എന്നിങ്ങനെ ചൊല്ലുകളുമുണ്ടായിട്ടുണ്ട് ചിരിയെക്കുറിച്ച്.
എന്നാല്‍ ചിരിച്ച് സുസ്‌മേര വദനനായി കടന്നുവരുന്ന ആളെ കാണുമ്പോള്‍ നമുക്ക് ഒരു ഊര്‍ജമുണ്ടാവുന്നു. ബി സുഭാഷ് റാവു എന്ന ചിരി വൈദ്യന്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ ചെന്ന് സമഗ്ര ആരോഗ്യ ഗൈഡന്‍സ് പരിശീലിപ്പിക്കുന്നുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക