kasaragod local

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്

കാസര്‍കോട്: നീണ്ട 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്. 1995-2000 കാലയളവിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഭരണം ലീഗിനായിരുന്നു. അന്ന് മുസ്‌ലിംലീഗിലെ സി അഹമദ് കുഞ്ഞിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 2000-2005 കാലയളവില്‍ സിപിഎമ്മിലെ ഇ പത്മാവതിയും 2005 മുതല്‍ 2009 വരെ സിപിഎമ്മിലെ എം വി ബാലകൃഷ്ണന്‍ മാസ്റ്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
2009ല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടര്‍ന്ന് എം വി ബാലകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നീട് ഒരു വര്‍ഷത്തോളം പി ബി അബ്ദുര്‍റസാഖ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. 2010-15 കാലയളവില്‍ സിപിഎമ്മിലെ പി പി ശ്യാമളാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളാണുണ്ടായിരുന്നത്. ഇപ്രാവശ്യം സിവില്‍ സ്റ്റേഷന്‍ പുതിയ ഡിവിഷന്‍ രൂപീകരിച്ച് ഇവിടെ വിജയിച്ചാണ് യുഡിഎഫ് ഭരണത്തിലേറിയത്. 17 അംഗ ഭരണ സമിതിയില്‍ സിപിഎം ആറ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് എല്‍ഡിഎഫ് കക്ഷിനില. യുഡിഎഫില്‍ ലീഗ് നാല്, കോണ്‍ഗ്രസ് നാല്, ബിജെപിക്ക് രണ്ട് അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നിലപാട് പലപ്പോഴും നിര്‍ണായകമായിരിക്കും.
മുസ്‌ലിംലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എ ജി സി ബഷീര്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തമ്മ ഫിലിപ്പ്. മലയോര മേഖലയില്‍ നിന്നുള്ള ഈ വനിതാ നേതാവ് എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് തിരിച്ചുലഭിച്ച ആഹ്ലാദത്തിലാണ് യുഡിഎഫ്.
അനുമോദന ചടങ്ങില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, എം സി ഖമറുദ്ദീന്‍, അഡ്വ. സി കെ ശ്രീധരന്‍, പി ഗംഗാധരന്‍നായര്‍, പി എ അഷറഫലി, എ അബ്ദുര്‍റഹ്മാന്‍, ടി ഇ അബ്ദുല്ല, അഡ്വ. എം സി ജോസ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കെ ഇ എ ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it