15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കും: ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമായും ഡീസലില്‍ ഓടുന്ന വാഹനങ്ങളാണു പിടിച്ചെടുക്കുന്നത്. ആദ്യം ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അതേസമയം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചുനല്‍കില്ലെന്നു ഗതാഗതവകുപ്പ് വ്യക്തമാക്കി. ഈ വാഹനങ്ങള്‍ പൊളിക്കുന്നതിനു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് കൈമാറുമെന്നാണ് റിപോര്‍ട്ട്.
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പോലിസിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്താനും മറ്റ് നടപടികള്‍ സ്വീകരിക്കാനും മുനിസിപ്പല്‍ കോര്‍പറേഷനും നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചു.
കഴിഞ്ഞതവണ കനത്ത മഞ്ഞില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് വാഹനങ്ങള്‍ക്കോ മറ്റോ പോവാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഇതാണ് ഇത്തവണ നടപടി കര്‍ശനമാക്കുന്നതിനു കാരണം. 15 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള വാഹനങ്ങളുടെ പുക പരിശോധിക്കാനും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്ള 10 ബില്യണ്‍ വാഹനങ്ങളില്‍ മൂന്നര ലക്ഷത്തിലധികം വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് റിപോര്‍ട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 2016 മുതല്‍ റദ്ദാക്കി.

Next Story

RELATED STORIES

Share it