15 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരത്തിലെ വിവിധ സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 15, 16 തിയ്യതികളില്‍ ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. കേരള തീരങ്ങളില്‍ 3.5 മുതല്‍ 3.7 മീറ്റര്‍ വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ 3.5 മുതല്‍ 4.1 മീറ്റര്‍ വരെയും തിരമാലകള്‍ ഉയരാനിടയുണ്ട്. കനത്ത മഴയും കാറ്റും മുന്നില്‍ കണ്ടു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുക, ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുക, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുക, മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അതേസമയം,  കാലവര്‍ഷം ശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ള 50 പ്രധാന സ്ഥലങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടയാളപ്പെടുത്തി. അതോറിറ്റിയുടെ സ്‌റ്റേറ്റ് ഓപറേഷന്‍ സെന്റര്‍ തയ്യാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ശക്തിയേറിയ മിന്നലിനു സാധ്യതയുള്ള താലൂക്കുകളില്‍ തളിപ്പറമ്പ്, കൊട്ടാരക്കര, തലശ്ശേരി, കാഞ്ഞിരപ്പള്ളി, റാന്നി, കൊയിലാണ്ടി, താമരശ്ശേരി, ഏറനാട്, മീനച്ചില്‍, കോട്ടയം, തൊടുപുഴ, ഹൊസ്ദുര്‍ഗ്, കണ്ണൂര്‍, കോഴിക്കോട്, വടകര, നെടുമങ്ങാട്, ചടങ്ങനാശ്ശേരി, കോതമംഗലം, കൊണ്ടോട്ടി, ഇരിട്ടി, നിലമ്പൂര്‍, തിരുവനന്തപുരം, തിരൂരങ്ങാടി, കാട്ടാക്കട എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.
മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളില്‍ അടൂര്‍, ആലത്തൂര്‍, ആലുവ, ചാലക്കുടി, ചങ്ങനാശ്ശേരി, ചിറ്റൂര്‍, ദേവികുളം, ഏറനാട്, ഹൊസ്ദുര്‍ഗ്, ഇടുക്കി, ഇരിട്ടി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍കോട്, കാട്ടാക്കട, കൊണ്ടോട്ടി, കോന്നി, കോതമംഗലം, കൊട്ടാരക്കര, കോഴഞ്ചേരി, കോഴിക്കോട്, മല്ലപ്പള്ളി, മാനന്തവാടി, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, മീനച്ചില്‍, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട്, പത്തനാപുരം, പീരുമേട്, പെരിന്തല്‍മണ്ണ, പുനലൂര്‍, കൊയിലാണ്ടി, റാന്നി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, തലപ്പള്ളി, തലശ്ശേരി, താമരശ്ശേരി, തൊടുപുഴ, തൃശൂര്‍, തിരൂരങ്ങാടി, ഉടുമ്പന്‍ചോല, വടകര, വെള്ളരിക്കുണ്ട്, വൈത്തിരി താലൂക്കുകളും ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it