15 മിനിറ്റില്‍ സ്തനാര്‍ബുദ നിര്‍ണയവുമായി നിരാമയ് സ്റ്റാര്‍ട്ടപ്പ്‌

കൊച്ചി: 15 മിനിറ്റുകൊണ്ട് സ്തനാര്‍ബുദ നിര്‍ണയം നടത്താവുന്ന പരിശോധനാ സംവിധാനവുമായി കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നിരാമയ് എന്ന സ്റ്റാര്‍ട്ടപ്പ്. പ്രാരംഭഘട്ടത്തില്‍, മുഴകള്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പുതന്നെ സ്തനാര്‍ബുദം കണ്ടെത്താവുന്ന സോഫ്റ്റ്‌വെയറാണ് നിരാമയ് വികസിപ്പിച്ചിരിക്കുന്നത്.
സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറെ കൃത്യമായി രോഗനിര്‍ണയം നടത്തുന്ന തെര്‍മാലിറ്റിക്‌സ് എന്ന സോഫ്റ്റ്‌വെയര്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറായ സ്തനാര്‍ബുദത്തില്‍ നിന്ന് ഏറെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ്. ബാംഗ്ലൂര്‍ ഐഐഎസ്‌സിയില്‍ നിന്നുള്ള ഗവേഷണ ബിരുദധാരിയായ ഗീത മഞ്ജുനാഥും ബാംഗ്ലൂര്‍ ഐഐഎമ്മില്‍നിന്ന് എംബിഎ നേടിയ നിധി മാത്തൂരും ചേര്‍ന്നാണ് നിരാമയ് വികസിപ്പിച്ചത്.
മാമ്മോഗ്രഫിയിലൂടെ കണ്ടുപിടിക്കാനാവുന്നതിന്റെ അഞ്ചിലൊന്നു വലുപ്പം മാത്രമുള്ള മുഴകള്‍ തെര്‍മാലിറ്റിക്‌സ് സംവിധാനത്തിലൂടെ കണ്ടെത്താനാവുമെന്ന് നിരാമയ് സിഒഒ നിധി മാത്തൂര്‍ പറഞ്ഞു. മാമ്മോഗ്രഫിയിലേതുപോലെ റേഡിയേഷന്‍ ഉപയോഗിച്ചല്ല തെര്‍മാലിറ്റിക്‌സ് പരിശോധന. ശരീര ഊഷ്മാവിലുള്ള വ്യത്യാസത്തില്‍ നിന്നാണ് രോഗനിര്‍ണയം.
നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ്, ഡാറ്റ അനലറ്റിക്‌സ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചു വികസിപ്പിച്ചെടുത്തതാണ് തെര്‍മാലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍. പരിശോധനയ്‌ക്കെത്തുന്നവര്‍ക്ക് ഒരു തിരശ്ശീലയ്ക്കു പിന്നില്‍ നിന്നാല്‍ മതി. സ്പര്‍ശിക്കേണ്ടിവരുന്നില്ല. വേദനയുമുണ്ടാവില്ലെന്നും നിധി മാത്തൂര്‍ പറഞ്ഞു. 40  വയസ്സില്‍ താഴെയുള്ളവരിലും തെര്‍മാലിറ്റിക്‌സ് പരിശോധനയിലൂടെ രോഗം കണ്ടെത്താം.
മാമ്മോഗ്രഫി വഴി ചെറുപ്പക്കാരില്‍ മുഴകണ്ടെത്താന്‍ പ്രയാസമാണ്. മുഴകള്‍ പ്രത്യക്ഷപ്പെട്ടശേഷം മാത്രം രോഗം തിരിച്ചറിയാനാവുന്ന സ്വയംപരിശോധനാ മാര്‍ഗത്തേക്കാളും മികച്ചതാണ് തെര്‍മാലിറ്റിക്‌സ് പരിശോധനയെന്നും ഇവര്‍ പറഞ്ഞു.
300ഓളം പേരില്‍ തെര്‍മാലിറ്റിക്‌സ് പരിശോധന നടത്തിക്കഴിഞ്ഞെന്നും പരിശോധനാഫലം ഏറെ കൃത്യമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it