kozhikode local

15 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

മുക്കം: മുക്കത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട. —ഇന്നലെ പുലര്‍ച്ചെയാണ് അഗസ്ത്യന്‍ മുഴിയില്‍ വച്ച് 15 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ സ്വദേശി ജോബി (26), ചുങ്കത്തറ സ്വദേശി മുഹാജിര്‍ (30), ബാലുശ്ശേരി സ്വദേശി രാജേഷ് (26) എന്നിവരാണ് പിടിയിലായത്.
പുലര്‍ച്ചെ 3.15 ഓടെയാണ് വാഹന പരിശോധനക്കിടെ ഇവരെ പിടികൂടിയത്. വന്‍ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നാണ് സൂചന. പാലക്കാട് മണ്ണാര്‍ക്കാട് നിന്നു കൊടുവള്ളിയിലെ ചില്ലറവില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്നു പോലിസ് പറഞ്ഞു.
കഴിഞ്ഞ മാസം 23ന് മുക്കത്തുവച്ച് നാലു കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശികളായ രണ്ട് പേരെയും, ജനുവരി 23ന് മുക്കം ഓടത്തെരുവില്‍ വച്ച് മൂന്നു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കാപറമ്പ് സ്വദേശികളായ സഹോദരങ്ങളും പിടിയിലായിരുന്നു.
കൊടുവള്ളിയില്‍ വച്ച് ചന്ദന മുട്ടികളും പിടികൂടിയിരുന്നു. ഈ സംഘവുമായി ബന്ധമുള്ളവര്‍ തന്നെയാണ് പിടിയിലായതെന്നാണ് വിവരം. മലയോര മേഖലയില്‍ വിദ്യാര്‍ഥികളെയടക്കം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവമായ സാഹചര്യത്തില്‍ ഡിവൈഎസ്പിമാരായ ജെയ്‌സന്‍ കെ അബ്രഹാം, ശ്രീകുമാര്‍ കൊടുവള്ളി സിഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.
Next Story

RELATED STORIES

Share it