malappuram local

15 കിലോ കഞ്ചാവുമായി നാലുയുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

നിലമ്പൂര്‍: കഞ്ചാവു കടത്തുന്നതിനിടെ 4 പേര്‍ നിലമ്പൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇവരില്‍ നിന്നും 15 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ചോക്കാട് കാഞ്ഞിരംപാടം മനയില്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (29), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാക്കത്ത് മുഹമ്മദ് ഹുസൈന്‍ (23), അരക്കുപറമ്പ് കുറ്റിപ്പുളി മാന്തോണി ഷര്‍ഷാദ് (21), പെരിന്തല്‍മണ്ണ പാട്ടറ മുതുക്കുംപുറം പത്തലടി നൗഫല്‍ (22) എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്റ്‌സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം ടൗണിനു സമീപം വെച്ച് രാവിലെ ഒമ്പതേമുക്കാലോടെയാണ് ഷര്‍ഷാദ്, നൗഫല്‍ പിടിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവു നല്കിയ രണ്ടുപേര്‍ ചോക്കാട് പണത്തിനായി കാത്തു നില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞ് എക്‌സൈസ് സംഘം അവിടെയെത്തി പതിനൊന്നരയോടെ റഷീദിനെയും സുഹൈലിനേയും പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എസ്‌യുവിയും കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡോറിനുള്ളില്‍ അരക്കിലോ തൂക്കം വരുന്ന പാക്കറ്റുകളിലാക്കി 11 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വിജയവാഡയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് അറിഞ്ഞതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍ പറഞ്ഞു. ഇത്തരത്തില്‍ 60 പാക്കറ്റുകളിലായി 30 കിലോഗ്രാം കഞ്ചാവ് ഇവിടെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് മൊഴി. 15 കിലോ കഞ്ചാവ് വിറ്റഴിച്ചതാണെന്നാണ് സൂചന. അന്വേഷണം നടന്നു വരികയാണ്. റഷീദം സുഹൈലും നേരത്തെ പിടിച്ചുപറി കേസില്‍ ഉള്‍പ്പെട്ടവരാണ്. ബിഎഡ് ബിരുദധാരിയാണ് പിടിയിലായ റഷീദ്. പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, കെ എ അനീഷ്, വി സുഭാഷ്, കെ ജസ്റ്റിന്‍, ഇ എം സജിനി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it