Flash News

15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി



കുവൈത്ത് സിറ്റി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരില്‍ ഒരാളെ വെറുതെ വിട്ടും 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയും കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടു. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന 119 പേരുടെ ശിക്ഷ ഇളവു ചെയ്യാനും അമീര്‍ ഉത്തരവിട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അമീറിനു നന്ദി പറഞ്ഞ വിദേശകാര്യമന്ത്രി ജയില്‍മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നു വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മയക്കുമരുന്നു കേസിലും ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ട മലയാളികളും ഉണ്ടായിരുന്നു. ശിക്ഷയിളവു ലഭിച്ചവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 300ഓളം ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഇതില്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. തിങ്കളാഴ്ച മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാര്‍ കുവൈത്ത് പാര്‍ലമെന്റ് 2015ല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്തെ ജയിലില്‍ ശേഷിക്കുന്ന ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കാമെന്നതാണ് കരാര്‍. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ സപ്തംബര്‍ 19, 20 തിയ്യതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുകയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഷാര്‍ജ ഭരണാധികാരി ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള സന്ദര്‍ശനത്തിനിടെ 149 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it