kozhikode local

15ാം തവണയും വിജയപീഠത്തിലേറി മാപ്പിളകലകളുടെ സുല്‍ത്താന്റെ മക്കള്‍

വടകര: കലാമേളകളില്‍ ദഫ്മുട്ടില്‍ ജേതാക്കളാരായാലും കോയ ഉസ്താദിന് സന്തോഷമാവും. കാരണം മല്‍സരിക്കുന്നത് കോയ കാപ്പാടിന്റെ മക്കളാണ് എന്നതു തന്നെ. മലബ്ബാര്‍ മേഖലയിലെ ഏത് ജില്ലകളിലും ബി-സോണ്‍ കലോല്‍സവത്തില്‍ യോഗ്യത നേടിയത് 2001 മുതല്‍ ദഫ്മുട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന കോയക്ക പരിശീലിപ്പിച്ച കുട്ടികളാണ്. ഇത്തവണ തിരുവള്ളൂരില്‍ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി-സോണ്‍ കലോല്‍സവത്തില്‍ ദഫ്മുട്ടില്‍ കോയയുടെ കുട്ടികളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.
കഴിഞ്ഞ 15 വര്‍ഷമായി ബി-സോണ്‍ കലോല്‍സവങ്ങളില്‍ ദഫ്മുട്ടില്‍ കോയ കാപ്പാടിന്റെ പരിശീലനത്തിലൂടെയാണ് ഫാറൂഖ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം നേടിയ കാരന്തൂര്‍ മര്‍ക്കസും ഇദ്ദേഹത്തിന്റെ പരിശീലനത്തിലാണ് കലോല്‍സവത്തിനെത്തിയത്. നാലു തലമുറകളായി ദഫ്മുട്ടില്‍ 130 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കാപ്പാട് ആലസ്സന്‍വീടിന്റെ പ്രതാപം വാനോളം ഉയര്‍ത്തിയ പിതാവ് അഹമ്മദ് കുട്ടി ഉസ്താദിന്റെ പാതയില്‍ ഒളിവിതറുകയാണ് പുത്രന്‍ കോയ കാപ്പാട്. കോയയുടെ തറവാടായ ആലസ്സന്‍ വീട്ടില്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്‌റ്റൈപെന്റോടെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ തിയറി വിഭാഗത്തില്‍ തലവനായും കലാക്ഷേത്ര പദ്ധതിയുടെ ഭാഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടിലെന്നപോലെ വിദേശത്തും കോയ മാപ്പിളകലകള്‍ പഠിപ്പിക്കുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it