142 മണിക്കൂര്‍ ലക്ചറിങ്: മാളക്കാരന് ലോക റെക്കോഡ്

മാള: കുഴൂരെന്ന കൊച്ചു ഗ്രാമത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച് ഫ്രാന്‍സിസ് ജോസഫ് ലക്ചറിങിലുള്ള ലോക റെക്കോഡ് ഭേദിച്ചു. ഗുര്‍ഗാവോണ്‍ ഗ്രാഫിക് ഇറാ യൂനിവേഴ്‌സിറ്റിയിലെ അരവിന്ദ് മിശ്രയുടെ പേരിലുള്ള 139 മണിക്കൂര്‍ 42 മിനിറ്റ് 56 സെക്കന്റിന്റെ ലോക റെക്കോഡാണ് 142 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ചു ഫ്രാന്‍സിസ് ജോസഫ് മറികടന്നത്.
കഴിഞ്ഞ 26ാം തിയ്യതി ആരംഭിച്ച് ഏഴു ദിവസം പിന്നിട്ടാണ് ഹോളിഗ്രേസ് എന്‍ജിനീയറിങ് കോളജ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് മേധാവിയായ ഫ്രാന്‍സിസ് ജോസഫ് ഇന്നലെ പകല്‍ മൂന്നു മണിക്ക് 142 മണിക്കൂര്‍ ലക്ചറിങ് പൂര്‍ത്തീകരിച്ചു ലോക റെക്കോഡ് നേടിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് 140 മണിക്കൂര്‍ കടന്നു ലോക റെക്കോഡ് ഭേദിച്ചിരുന്നു. ഈ സമയമത്രയും ഭാര്യയും പാലിശ്ശേരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ ജിന്‍സിയും മക്കളായ ജോജിയോയും മരിയയും മാതാപിതാക്കളായ ജോസഫും റോസിലിയും വേദിക്കരികിലുണ്ടായിരുന്നു.
ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനും ജില്ലാ പഞ്ചായത്തംഗങ്ങളായ പി കെ ഡേവീസ് മാസ്റ്ററും നിര്‍മല്‍ സി പാത്താടനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളിയും മറ്റു നിരവധി ജനപ്രതിനിധികളും ഹോളിഗ്രേസ് സ്ഥാപനങ്ങളുടെ ഭാരവാഹികളും മറ്റും സന്നിഹിതരായിരുന്നു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ഫ്രാന്‍സിസ് ജോസഫിനെ ആദരിച്ചു.
ഹോളിഗ്രേസ് ഗ്രൂപ്പിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് വിഭാഗം സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് മാരത്തോണ്‍ ലെക്ചര്‍ നടത്തിയത്. അധ്യാപനത്തിലും കെമിക്കല്‍ എന്‍ജിനീയറിങിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഫ്രാന്‍സിസ് ജോസഫ് അധ്യാപനത്തിലെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ വേണ്ടി കൂടിയാണ് 142 മണിക്കൂര്‍ നീണ്ടു നിന്ന ലക്ചര്‍ എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it