|    Mar 31 Fri, 2017 12:14 am
FLASH NEWS

14 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു

Published : 16th December 2015 | Posted By: SMR

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തമിഴ്‌നാടിനെ പ്രേരിപ്പിക്കണമെന്നത് ഉള്‍പ്പെടെ 14 ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ കൂടിക്കാഴ്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ആവശ്യങ്ങള്‍ ഉന്നയിച്ചത്.
പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാതപഠനത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണം. ചെന്നൈ വെള്ളപ്പൊക്കത്തിന്റെയും മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്തെ കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ വിദേശീയര്‍ ഉള്‍പ്പെട്ട വിദഗ്ധരുടെ പാനലിനെക്കൊണ്ട് മുല്ലപ്പെരിയാറില്‍ ആഘാതപഠനം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരമുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിക്കുക, വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് 2011ലെ തീരദേശ സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുക, ശബരിമല വികസനത്തിനായി സമര്‍പ്പിച്ച 420 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുക, ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുക, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, സംസ്ഥാനത്തിനുള്ള വാര്‍ഷിക ഭക്ഷ്യധാന്യ വിഹിതം കുറഞ്ഞത് രണ്ടു ലക്ഷം മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അറുപതിനായിരം അന്തേവാസികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക, പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലം ലഭ്യമാക്കിയതിനാല്‍ എത്രയും വേഗം സംയുക്ത സംരംഭത്തിനുള്ള പങ്കാളിയെ തിരഞ്ഞെടുത്ത് 2016-17ലെ റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് വകയിരുത്തുക, സബര്‍ബന്‍ റെയില്‍ സര്‍വീസിനായി സംസ്ഥാന സര്‍ക്കാരും റെയില്‍വേയും തമ്മില്‍ മെമ്മോറാണ്ടം ഒപ്പിടാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, വയനാട് ജില്ലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ അനുവദിച്ച തുകയിലെ ശേഷിക്കുന്ന 62.20 കോടി രൂപ ഉടന്‍ നല്‍കുക, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ സ്ഥാപനം കേരളത്തിന് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day