14 സീറ്റുകള്‍ നല്‍കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്

കൊച്ചി: കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, പി ടി തോമസ്, ലാലി വിന്‍സെന്റ് തുടങ്ങി 14 പേര്‍ക്ക് യുഡിഎഫ് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്.
ടോമി കല്ലാനിക്കു പൂഞ്ഞാറും പി ടി തോമസിന് അനുയോജ്യമായ ഏതെങ്കിലും മണ്ഡലവും ലാലി വിന്‍സെന്റിന് എറണാകുളത്തെ ഏതെങ്കിലും മണ്ഡലവും നല്‍കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച നിവേദനം എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് എം വി എസ് നമ്പൂതിരി, ജനറല്‍ സെക്രട്ടറി വി എസ് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രനേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യം അറിയിക്കാന്‍ ജനറല്‍ സെക്രട്ടറി വി എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ഡല്‍ഹിയില്‍ പോവും. പി എം സുരേഷ് ബാബു (കോഴിക്കോട്), എബ്രഹാം മാത്യു (റാന്നി), സജി ബാബു (കൊല്ലം, പുനലൂര്‍, കരുനാഗപ്പള്ളി), സുദര്‍ശന കുമാര്‍ (കുട്ടനാട്), ജെബി മേത്തര്‍ (ആലുവ, പെരുമ്പാവൂര്‍), തവമണി (വൈക്കം), സി കെ ജയകുമാര്‍ (കുന്നത്തുനാട്), സി വല്‍സലന്‍ (പേരാമ്പ്ര), യു പി ബാലകൃഷ്ണന്‍ (നാദാപുരം), ടി പി എം ഇബ്രാഹീംഖാന്‍ (പെരുമ്പാവൂര്‍), റീഗോ രാജു (ആലപ്പുഴ) തുടങ്ങിയവരാണു മറ്റുള്ളവര്‍. പ്രത്യേക സാഹചര്യത്തില്‍ ഒഴികെ, നാലു തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും സി എന്‍ ബാലകൃഷ്ണന്റെയും മാതൃക സ്വീകരിച്ച് സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ നേതാക്കള്‍ തയ്യാറാവണം. പ്രത്യേക അജണ്ടകളില്ലാതെ ബാര്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ക്കുന്ന ചെയര്‍മാന്റെ നടപടിയില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തും. ബാര്‍ കൗണ്‍സിലിന് അനാവശ്യ ചെലവ് വരുത്തിവയ്ക്കുന്ന നടപടിക്കെതിരേ ബാര്‍ കൗണ്‍സിലിനു മുന്നില്‍ പ്രതിഷേധയോഗം നടത്തുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it