Flash News

14 വരെ കനത്ത മഴഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഈ മാസം 14 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. 15ന് ശക്തമായ മഴയുണ്ടാവും. തുടര്‍ച്ചയായ മഴയില്‍ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മലയോരമേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15ാം തിയ്യതി വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നാണ് കലക്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയുമുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കൈയില്‍ കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുക, ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിമീ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്ത് മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിലും മലബാറിലും ഇന്നലെയും നല്ല മഴ ലഭിച്ചു. വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. ഇടുക്കി ജില്ലയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ കഴിഞ്ഞ നാലു ദിവസമായി മഴ തുടരുന്നതിനാല്‍ മണ്ണിന് സംഭവിച്ച ബലക്ഷയം പലയിടത്തും ചെറിയ ഉരുള്‍പൊട്ടലിനു വഴിവയ്ക്കുന്നുണ്ട്. കോതമംഗലം കുടമ്പുഴക്കടുത്ത് പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. ബ്ലാവന കടത്ത് നിശ്ചലമായതോടെ 14 ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ടത്. പൂയംകുട്ടി പുഴയ്ക്ക് കുറുകെയുള്ള മണികണ്ഠന്‍ ചാല്‍ ചപ്പാത്തും തകര്‍ന്നു. കടലാക്രമണം ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ കൊച്ചി, ആലപ്പുഴ, ചാവക്കാട് ഉള്‍പ്പെടുന്ന തീരദേശങ്ങള്‍ അതീവ ജാഗ്രതയിലാണ്.
തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്ക് വെള്ളത്തിന്റെ അളവെത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it