Kerala

14 ടയറുകളുള്ള ലോറിയില്‍ മദ്യവുമായി വനിതാ ട്രക്ക് ഡ്രൈവറെത്തി

14 ടയറുകളുള്ള ലോറിയില്‍ മദ്യവുമായി  വനിതാ ട്രക്ക് ഡ്രൈവറെത്തി
X


TRUCK

കെ സനൂപ്

പാലക്കാട്: കേരളീയര്‍ക്ക് കുടിച്ച് പൂസാവാനുള്ള മദ്യവുമായി മഹാരാഷ്ട്രയില്‍ നിന്ന് 14 ടയറുകളുള്ള ലോറിയില്‍ യോഗിതയെത്തി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് രാജ്യത്തെ ആദ്യത്തെ വനിതാ ട്രക്ക് ഡ്രൈവര്‍ കൂടിയായ യോഗിത രഘുവംശിയെന്ന 45കാരി ഒരു ലോഡ് മദ്യവുമായി പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷനിലേക്കെത്തിയത്. പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുക പതിവാണെങ്കിലും മദ്യവുമായി കിലോമീറ്ററുകള്‍ താണ്ടി ഒരു വനിതയെത്തുന്നത് ആദ്യമായതുകൊണ്ടുതന്നെ കാഴ്ചക്കാരും ഏറെയായിരുന്നു.
ഉത്തര്‍പ്രദേശിലാണു ജനനമെങ്കിലും മഹാരാഷ്ട്രയില്‍ വളര്‍ന്ന യോഗിത കോമേഴ്‌സിലും നിയമത്തിലും ബിരുദം നേടി. ട്രക്ക് ഡ്രൈവറായിരുന്ന ഭോപാല്‍ സ്വദേശിയെ വിവാഹം കഴിച്ചെങ്കിലും വാഹനാപകടത്തില്‍ അദ്ദേഹം മരിച്ചതോടെയാണ് രണ്ടു മക്കളെ പോറ്റുന്നതിനായി 2000ത്തില്‍ ആ ജോലി യോഗിത ഏറ്റെടുത്തത്. വഴിനീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, പുരുഷന്മാര്‍ക്കു മാത്രം പറ്റിയതെന്ന് കാലങ്ങളായി പറഞ്ഞുവരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തുന്നത് അങ്ങനെയാണ്. മരണശേഷം ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി.
അഭിഭാഷകയാവാനായിരുന്നു മോഹമെങ്കിലും ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷകവൃത്തി ചെയ്യാമെന്നു കരുതിയെങ്കിലും നടന്നില്ല. രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരെന്ന തിരിച്ചറിവില്‍ ട്രക്കിന്റെ വളയം പിടിക്കാന്‍ തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എന്‍ജിനീയറിങ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം. യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചുനോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെതു മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.
ഇതിനകം അഞ്ചര ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നുവരാത്ത ഈ വഴിയിലേക്ക് പിന്നെ വേറെയും ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് യോഗിത പറയുന്നു.
Next Story

RELATED STORIES

Share it