malappuram local

14 എണ്ണവും ഞങ്ങള്‍ നിലനിര്‍ത്തി... ഇതു ഞങ്ങളുടെ കുടുംബ വാര്‍ഡുകള്‍

ടി പി ജലാല്‍

മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ ഭാര്യ ഭര്‍തൃ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ മാറിമാറി മല്‍സരിച്ച മുസ്‌ലിം ലീഗിന്റെ 15 വാര്‍ഡുകളിലെ 14 കുടുംബ സീറ്റുകളും നിലനിര്‍ത്തി. ഭാര്യയും ഭര്‍ത്താ വും മാറിമാറി മല്‍സരിക്കുന്ന വാര്‍ഡുകളായ പൂല്ലൂര്‍,ചെട്ടിയങ്ങാടി, പയ്യനാട്, നെല്ലിക്കുത്ത്, പിലാക്കല്‍, അമയംകോട്, പുല്ലഞ്ചേരി, പുളിയാംതൊടി, രാമംകുളം തുടങ്ങിയ വാര്‍ഡുകളിലും പിതാവും മക്കളും മല്‍സരിക്കുന്ന വീമ്പൂര്‍, കോളജ്കുന്ന് വാര്‍ഡുകളിലും, ബന്ധുക്കള്‍ മല്‍സരിക്കുന്ന പുന്നക്കുഴി, മുള്ളമ്പാറ വാര്‍ഡുകളിലുമാണ് വിജയിച്ചത്.
അതേസമയം ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന താണിപ്പാറയില്‍ മലബാര്‍കുഞ്ഞുട്ടി മാത്രമാണ് പരാജയപ്പെട്ടത്. (ഒരുവോട്ടിന്) കഴിഞ്ഞ തവണത്തെ കൗണ്‍സിലര്‍ ചിറക്കല്‍ രാജന്റെ ഭാര്യ ഷീബ 363 വോട്ടിന് പൂല്ലൂരില്‍ നിന്നും വിജയിച്ചു. ചെട്ടിയങ്ങാടി വാര്‍ഡ് കൗണ്‍സിലറായിരുന്ന ആസ്യയുടെ ഭര്‍ത്താവ് കെ പി ഉമ്മര്‍ 107 വോട്ടിനും മുന്‍ നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലിയുടെ പുന്നക്കുഴി വാര്‍ഡില്‍ നിന്നും സഹോദര ഭാര്യ സജ്‌ല വല്ലാഞ്ചിറ ഇത്തവണ 115 വോട്ടിനും വിജയിച്ചു. മുന്‍ കൗണ്‍സിലര്‍ ചെറുമണ്ണില്‍ ആസ്യയുടെ മകന്‍ എസ്ടിയു സെക്രട്ടറി സി എം അജ്മല്‍ സുഹിദ് 212 വോട്ടിന് വിജയിച്ചു. 18ാം വാര്‍ഡായ പയ്യനാടില്‍ ഭാര്യ ഫാത്തിമ കൈമാറിയ സീറ്റില്‍ ഭര്‍ത്താവ് മരുന്നന്‍ മുഹമ്മദ് 486 വോട്ടിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്.
ജനറല്‍ വാര്‍ഡായപ്പോള്‍ ഭാര്യ ഫൗസിനയില്‍ നിന്നും സ്വീകരിച്ച നെല്ലിക്കുത്തില്‍ ഭര്‍ത്താവ് എം വി അബൂബക്കര്‍ 562 വോട്ടിനാണ് വിജയിച്ചത്. മുന്‍ കൗണ്‍സിലര്‍ കൂരിമണ്ണില്‍ പട്ടായില്‍ അയ്യൂബ് ഭാര്യ ഉമ്മുഹബീബക്ക് നല്‍കിയ 26ാം വാര്‍ഡായ പിലാക്കലില്‍ 349 വോട്ടിന് ഹബീബ ജയിച്ചു. അമയംകോട് വാര്‍ഡിലെ പുതുക്കൊള്ളി അബ്ദുര്‍റഹീമിന്റെ ഭാര്യ റിസ്‌വാന റഹീം 374 വോട്ടിനും പുല്ലഞ്ചേരി മുന്‍ കൗണ്‍സിലര്‍ സാജിതയുടെ ഭര്‍ത്താവ് എം പി അബൂബക്കറും വിജയിച്ചു. 37ാം വാര്‍ഡായ മുള്ളമ്പാറയില്‍ തറമണ്ണില്‍ അബ്ദുല്‍നാസര്‍ ബന്ധുവായ തറമണ്ണില്‍ സമീറ മുസ്തഫയെ 332 വോട്ടിന് വിജയിപ്പിച്ചു. 41ാം വാര്‍ഡ് പുളിയംതൊടിയില്‍ മണ്ണിശ്ശേരി സബാന 749 വോട്ടിനു വിജയിച്ച് ഭര്‍ത്താവ് സലീമിനു വേണ്ടി കൗണ്‍സിലിലെത്തി.
മുന്‍ കൗണ്‍സിലര്‍ എം കെ മുനീര്‍ നല്‍കിയ പട്ടര്‍കുളം വാര്‍ഡില്‍ ഭാര്യ സനൂജ 127 വോട്ടിന് ജയിച്ച് ഭര്‍ത്താവിന്റെ മാനം കാത്തു. ഐഎന്‍എല്‍ നിന്നും കൂറുമാറി ചെയര്‍മാനായ കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് 46ാം വാര്‍ഡായ വീമ്പൂരില്‍ നിന്നും218 വോട്ടിന് ജയിച്ച് മകളില്‍ നിന്നും ബാറ്റണ്‍ ഏറ്റുവാങ്ങി.
2005ല്‍ തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് കഴിഞ്ഞ തവണയാണ് മകള്‍ സഫൂറക്ക് സീറ്റ് നല്‍കിയത്. 50ാം വാര്‍ഡ് രാമംകുളത്ത് അത്തിമണ്ണില്‍ മൊയ്തീന്റെ ഭാര്യ സജ്‌ന ടീച്ചര്‍ 582 വോട്ടിന് ജയിച്ചാണ് കൂടുംബവാര്‍ഡിന്റെ കുത്തക കാത്തത്.
ഈ വാര്‍ഡുകള്‍ വനിതയായാലും ജനറലായാലും സ്വന്തക്കാര്‍ക്കല്ലാതെ ഇവര്‍ വിട്ടുകൊടുക്കില്ലെന്നാണ് 2005 മുതലുള്ള തിരഞ്ഞെടുപ്പില്‍ കണ്ടുവരുന്നത്. സീറ്റുകള്‍ കൈമാറുന്നതില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പ്രശ്‌നങ്ങളില്ല. എന്നാല്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അവര്‍ഷമുണ്ട്.
താണിപ്പാറയില്‍ പരാജയപ്പെട്ട മലബാര്‍കുഞ്ഞുട്ടിയുടെയും ഭാര്യയുടെയും സാന്നിദ്ധ്യം പാര്‍ട്ടിക്കാവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഇടപെടലുകളൊന്നുമുണ്ടായില്ലെങ്കില്‍ ഈ വാര്‍ഡുകളില്‍ അടുത്ത തവണയും ഭാര്യയെയോ ഭര്‍ത്താവിനേയോ നമുക്ക് കാണാം....... 2020...വരെ കാത്തിരിക്കുക.
Next Story

RELATED STORIES

Share it