|    Jun 27 Tue, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അപൂര്‍വ ശസ്ത്രക്രിയ: പുതുജീവനുമായി ജിതേഷ് ആശുപത്രി വിട്ടു

Published : 3rd November 2016 | Posted By: SMR

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം മുഖാമുഖം കണ്ട ജിതേഷ് പുതുജീവന്‍ നേടി ആശുപത്രി വിട്ടു. തിരുവനന്തപുരം സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് അവയവദാനത്തിലൂടെ ലഭിച്ച ഹൃദയം സ്വീകരിച്ച് ജീവിതം തിരിച്ചുപിടിച്ചത്. കൃത്രിമ ഹൃദയമായ സെന്‍ട്രിമാഗ് ബൈവാഡ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ വെന്റിലേറ്ററില്‍ കഴിഞ്ഞ ജിതേഷിന് ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹൃദയമാണ് തുന്നിപ്പിടിപ്പിച്ചത്.
അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ രാമങ്കരി മാമ്പുഴക്കരി കാക്കനാട്ടെ സണ്ണി-മിനി ദമ്പതികളുടെ മകനായ സാന്‍ജോസി(20)ന്റെ ഹൃദയമാണ് മാതാപിതാക്കള്‍ ജിതേഷിനു നല്‍കാന്‍ തീരുമാനിച്ചത്. ഏറെ നാളായി ഇസ്‌കിമിക് കാര്‍ഡിയോ മയോപതി എന്ന അസുഖം ബാധിച്ച് ജിതേഷ് ചികില്‍സയിലായിരുന്നു. ഇതിനിടെ ശക്തമായ ഹൃദയാഘാതം സംഭവിച്ചത് ജിതേഷിനെ ജീവന്റെയും മരണത്തിന്റെയും ഇടയിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച ജിതേഷിന്റെ ജീവന്‍ തുലാസിലായ ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ എക്‌മോ സംവിധാനത്തിലൂടെ ജിതേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. ഏറെ നാള്‍ ഈ സംവിധാനം തുടരാന്‍ കഴിയാതിരുന്നതിനാലാണ് ജിതേഷിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ മറ്റു മാര്‍ഗം അവലംബിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ അടിയന്തര ഹൃദയം കാത്തുകിടക്കുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ജിതേഷിന് സാന്‍ജോസിന്റെ ഹൃദയം ചേരുമെന്ന് അറിഞ്ഞതോടെയാണ് ലിസി ആശുപത്രിയിലെ ചീഫ് പ്രാക്ടീഷണര്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സംഘത്തിനും പ്രതീക്ഷയേറിയത്. പിന്നീട് സമയം ഒട്ടും വൈകാതെ സാന്‍ജോസിന്റെ ശരീരം സൂക്ഷിച്ചിരുന്ന തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലെത്തി ഹൃദയം സ്വീകരിച്ചു. തുടര്‍ന്ന് തടസ്സമില്ലാതെ ഹൃദയം  എറണാകുളം ലിസി ആശുപത്രിയി ല്‍ എത്തിച്ചു.
കഴിഞ്ഞ മാസം 10നായിരുന്നു ജിതേഷിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. നാലു മണിക്കൂര്‍ സമയം എടുത്ത ശസ്ത്രക്രിയ ഒടുവില്‍ വിജയം കണ്ടു; ഒപ്പം ജിതേഷിനു പുതുജീവനും. പുതിയ സ്വപ്നങ്ങളുമായി ആശുപത്രി വിടുന്ന ജിതേഷിനെ യാത്രയയക്കാന്‍ നടി മഞ്ജു വാര്യരും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവും എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക